മാഡ്രിഡ്: അസുഖമാണെന്ന് പറഞ്ഞ് ലീവെടുത്ത് പോയി ഡാൻസ് കളിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. നടുവിന് പരിക്കാണെന്ന് കാണിച്ച് ജോലിക്ക് പോകാതെ ലീവ് വാങ്ങിയ യുവതി ഡാൻസ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പണി പാളിയത്. ജോലിയിൽ നിന്ന് പുറത്താക്കി യുവതിക്കെതിരെ മേലുദ്യോഗസ്ഥർ നടപടിയെടുത്തു.
സ്പെയിനിലാണ് സംഭവം നടന്നത്. സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയായിരുന്നു യുവതി. നടുവിന് വേദനയാണെന്ന് പറഞ്ഞ് ജോലിക്ക് വരാതിരുന്ന ഇവർ ഡാൻസ് കളിക്കുന്ന വീഡിയോ ടിക്ക് ടോക്കിൽ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ യുവതി നുണ പറഞ്ഞ് ലീവ് എടുത്തതാണെന്ന് സൂപ്പർമാർക്കറ്റിലെ അധികൃതർ അറിയാനിടയായി. ഇതോടെ ജോലിയിൽ നിന്ന് പരിച്ചുവിടുകയായിരുന്നു.
കഴിഞ്ഞ 15 വർഷത്തോളമായി സൂപ്പർമാർക്കറ്റിലെ തൊഴിലാളിയായിരുന്നു യുവതി. നടുവിന് പ്രശ്നമുണ്ടെന്ന് കാണിച്ച് കഴിഞ്ഞ ഒമ്പത് മാസമായി ഇവർ ലീവ് എടുത്തിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ വ്യക്തമാക്കുന്ന മെഡിക്കൽ രേഖകളും ഇവർ സമർപ്പിച്ചു. തുടർന്നായിരുന്നു ഇവർക്ക് മാസങ്ങൾ നീണ്ട ലീവ് അനുവദിച്ചത്. എന്നാൽ ഇതിനിടയ്ക്ക് യുവതി ഡാൻസ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ടിക്ക് ടോക്കിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.
യുവതി തന്നെയാണ് സ്വന്തം ടിക്ക് ടോക്ക് അക്കൗണ്ടിലൂടെ ഡാൻസ് വീഡിയോകൾ പോസ്റ്റ് ചെയ്തത്. സൂപ്പർ മാർക്കറ്റ് ജീവനക്കാരുടെ കൈയ്യിൽ വീഡിയോകൾ ലഭിച്ചതോടെ നുണ പറഞ്ഞ് ലീവെടുത്തുള്ള വീട്ടിലിരിപ്പിന് പണി കിട്ടി. യുവതിക്കെതിരെ കർശന നടപടിയെടുത്തതോടെ ഇവർ സൂപ്പർ മാർക്കറ്റിനെതിരെ കോടതിയെ സമീപിച്ചു. എന്നാൽ തൊഴിൽ ദാതാവിന്റെ തീരുമാനം കോടതി ശരിവയ്ക്കുകയാണ് ചെയ്തത്.
Comments