ബീജിംഗ്: ചൈനയിൽ കൊറോണ വൈറസ് അതിതീവ്ര വേഗതയിലാണ് പടരുന്നതെന്ന് റിപ്പോർട്ട്. രാജ്യത്ത് പ്രതിദിനം 10 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിക്കുമെന്നും 5000ത്തോളം പേർ കൊറോണ മൂലം മരിക്കുന്നുമെന്നുമാണ് റിപ്പോർട്ട്. രോഗവ്യാപനം നിലവിലെ രീതിയിൽ തുടരുകയാണെങ്കിൽ ജനുവരിയോടെ പ്രതിദിനം രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 37 ലക്ഷമായി ഉയരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചൈനയിൽ വീണ്ടുമൊരു വ്യാപനം ശ്രദ്ധയിൽ പെട്ടതോടെ തങ്ങൾ കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ എയർഫിനിറ്റി ലിമിറ്റഡ് പറയുന്നു. മാർച്ചോടെ രോഗവ്യാപനം അതിന്റെ പാരമ്യത്തിലെത്തും. 42 ലക്ഷം പേരിൽ പ്രതിദിനം രോഗബാധ സ്ഥിരീകരിക്കുന്ന അവസ്ഥയാകും ഉണ്ടാകുന്നത്. അതിവേഗമാണ് രാജ്യത്ത് കൊറോണ പടരുന്നത്. സർക്കാർ പുറത്ത് വിടുന്ന കണക്കുകളെക്കാൾ വളരെ കൂടുതലാണ് രോഗം സ്ഥിരീകരിച്ചവരുടെ യഥാർത്ഥ എണ്ണം. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 2966 പേർക്ക് മാത്രമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
എന്നാൽ ആശുപത്രികൾ രോഗികളെ കൊണ്ട് തിങ്ങി നിറയുന്ന സാഹചര്യവും ശ്മശാനങ്ങളിൽ അവരുടെ ശേഷിക്കപ്പുറത്തേക്ക് മൃതദേഹങ്ങൾ എത്തുന്നുവെന്ന വാർത്തകളും ചൈനയുടെ കണക്ക് തെറ്റാണെന്ന് തെളിയിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായിരുന്ന മാസ് ടെസ്റ്റിംഗ് ബൂത്തുകൾ ചൈന അടച്ചു പൂട്ടിയിരുന്നു.
Comments