തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് കാരണമാകുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും മറ്റ് ജില്ലകളിലും ശക്തമായ മഴ ലഭിക്കും. ഈ മാസം അവസാനംവരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശക്തികൂടിയ ന്യുന മർദ്ദം കോമോറിൻ മേഖലയിലാണ് നിലവിൽ സ്ഥിതി ചെയ്യുന്നത്. ഇത് പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിക്കാനാണ് സാദ്ധ്യത.
Comments