തൃശൂർ: വിവാഹ ദിനം വ്യത്യസ്തമായി ആഘോഷിക്കാനാണ് വധൂവരന്മാർ ശ്രമിക്കാറുള്ളത്. ഇത്തരത്തിൽ കല്യാണ ഹാളിനെ പൂരപ്പറമ്പാക്കി മാറ്റിയ വധുവും വരനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗുരുവായൂരിൽ നടന്ന ഈ കല്യാണ’പൂരത്തിന്റെ’ ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പോലും ഏറ്റെടുത്തു കഴിഞ്ഞു.
ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് താലികെട്ടിയ ശേഷം വധുവും വരനും കല്യാണ ഹാളിലേക്ക് പ്രവേശിച്ചത് ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയായിരുന്നു. പിന്നാലെ ചെണ്ട വാങ്ങി കൊട്ടി വധുവും ഇലത്താളം പിടിച്ച് വരനും ആവേശം ഏറ്റെടുത്തു. ഇതോടെ കല്യാണം കൂടാനെത്തിയവർക്ക് ഹാളിൽ ഉത്സവാവേശമായി.
https://twitter.com/i/status/1607408001488683008
മേളക്കാരി കൂടിയായ വധു ശിൽപയുടെ വലിയ ആഗ്രഹമായിരുന്നു വിവാഹദിനത്തിലും ചെണ്ട കൊട്ടിയാഘോഷിക്കണമെന്നത്. കല്യാണ ദിവസം പെണ്ണിനെയും ചെക്കനെയും ശിങ്കാരിമേളത്തോടെ ആനയിച്ചപ്പോൾ ശിൽപയും മേളത്തിന്റെ ഭാഗമാകുകയായിരുന്നു. കൊട്ടിന്റെ ആവേശത്തിൽ തൊട്ടുപിറകെ ഇലത്താളം വാങ്ങി വരനും ഒപ്പം കൂടി.
കണ്ണൂർ സ്വദേശിയും യുഎഇയിൽ എഞ്ചിനീയറുമായ ദേവാനന്ദാണ് വരൻ. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ ഫസിലിറ്റി മാനേജ്‌മെന്റ് വിഭാഗത്തിൽ ജോലിക്കാരിയാണ് ശിൽപ. ചൊവ്വല്ലൂർ പാലിയത്ത് ശ്രീകുമാറിന്റെയും രശ്മിയുടെയും മകളാണ് ഈ മിടുക്കി. പാണ്ടി മേളത്തിലും, പാഞ്ചാരി മേളത്തിലും, ശിങ്കാരി മേളത്തിലും പ്രാവീണ്യം നേടിയ കലാകാരി കൂടിയാണ് വൈറലായ ഈ കല്യാണപ്പെണ്ണ്.















