ശബ്ദം കൊണ്ട് സാക്ഷാൽ സുരേഷ് ഗോപി തന്നെയെന്ന് ആരും പറഞ്ഞുപോകുന്ന ഒരാൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘നാലാം മുറ’ എന്ന ചിത്രം റിലീസ് ചെയ്ത തീയേറ്ററിന് മുന്നിൽ സിനിമയെക്കുറിച്ചുള്ള പ്രതികരണം മാദ്ധ്യമങ്ങൾ ആരായുന്ന കൂട്ടത്തിലാണ് ‘സുരേഷ് ഗോപി’ പ്രത്യക്ഷപ്പെട്ടത്. സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളേക്കാൾ സുരേഷ് ഗോപിയുമായുള്ള ശബ്ദത്തിന്റെ സാമ്യമാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. മിമിക്രി ആർട്ടിസ്റ്റാണെന്ന് പലരും കരുതിയ ഈ കക്ഷി ഒരു എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് വൈറൽ വീഡിയോ കണ്ട പലരും തിരിച്ചറിഞ്ഞിരുന്നില്ല.
സുരേഷ് ഗോപിയുടെ ശബ്ദത്തിലെ അതേ ചടുലതയും ഗാംഭീര്യവും അതേപടി സ്വന്തമാക്കിയ ഇദ്ദേഹം പാലക്കാട് നിന്നുള്ള സിവിൽ എക്സൈസ് ഓഫീസർ അബ്ദുൾ ബാസിത് ആണ്. നാലാം മുറ എന്ന ചിത്രത്തെക്കുറിച്ച് ബാസിത് വാ തോരാതെ പ്രതികരിച്ചതിനും കാരണമുണ്ട്.
”ഈ കാലഘട്ടത്തിന് വേണ്ടിയുള്ള ഒരു സന്ദേശം അതിലുണ്ട്. കോഴിക്കോട് 13 വയസ്സുള്ള ഒരു പെൺകുട്ടിയുടെ വായ്ക്കകത്തേക്ക് നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് ഡ്രഗ്സ് എത്തിക്കാനുള്ള ഡ്രഗ് മാഫിയക്കെതിരെയുള്ള ശക്തമായ പോരാട്ടം യുവതലമുറയിൽ എത്തിക്കണമെങ്കിൽ മാദ്ധ്യമങ്ങളുടെ പങ്കു വേണം” ഇതായിരുന്നു അബ്ദുൾ ബാസിത് വൈറൽ വീഡിയോയിൽ പറഞ്ഞത്. ലഹരിക്കെതിരെ നടത്തുന്ന ബോധവത്കരണ പരിപാടികളിൽ ഏറെ കാലമായി സജീവമാണ് ഇദ്ദേഹം. പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുത്ത് സംസാരിക്കുന്ന പല വീഡിയോകൾ ഇതിന് മുമ്പും വൈറലായിട്ടുണ്ട്.
Comments