ഇന്ത്യയിലെ വലിയ ഒരു വിഭാഗം ഇരുചക്ര വാഹനപ്രേമികളും റോയൽ എൻഫീൽഡിന്റെ ആരാധകരാണ്. രാജ്യത്തുടനീളമുള്ള വാഹനപ്രേമികൾ പതിറ്റാണ്ടുകളായി റോയൽ എൻഫീൽഡിന്റെ ബുള്ളറ്റുകൾ വാങ്ങുന്നു. പ്രത്യേകിച്ച് 350CC ബുള്ളറ്റിന് ആരാധകരേറെയാണ്. ഇത് രാജ്യത്തെ ജനപ്രിയ ബുള്ളറ്റുകളിലൊന്നാണ്. റോയൽ എൻഫീൽഡിന്റെ ഐതിഹാസിക വാഹനമെന്ന് 350-യെ വിശേഷിപ്പിക്കാം. നിരത്തുകളിൽ ഏറ്റവും കൂടുതൽ ആൾക്കാർ തിരിച്ചറിയുന്ന മോഡലായതിനാൽ 350-യ്ക്ക് വലിയ ആരാധകവൃന്ദമാണുള്ളത്.
കാലങ്ങൾക്കനുസരിച്ച് ക്ലാസിക് 350-യിൽ കുറച്ച് സാങ്കേതിക മാറ്റങ്ങൾ വരുത്തിയെങ്കിലും രൂപത്തിലും ഭാവത്തിലും പഴയെ പോലെ തന്നെ തങ്ങളുടെ ജനപ്രിയ വാഹനത്തെ നിലനിർത്തി കൊണ്ടു പോകാനാണ് റോയൽ എൻഫീൽഡ് ശ്രമിച്ചിട്ടുള്ളത്. ‘ഓൾ ന്യൂ ക്ലാസിക് 350’-ക്ക് 2.2 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. എന്നാൽ, ഈ ബൈക്കിന് ഒരിക്കൽ 18,700 രൂപയായിരുന്നു വില എന്ന് പലർക്കും അറിയില്ല. 1986 ജനുവരി 23 മുതലുള്ള ഒരു ബില്ല് ഇന്റർനെറ്റിൽ വൈറലായതോടെ ഒരു കാലത്തെ 350-യുടെ വില ആരാധകരെ അതിശയിപ്പിക്കുകയാണ്.
വിന്റേജ് ബൈക്ക് പ്രേമിയായ ബീയിംഗ് റോയൽ ആണ് പഴയ ഒരു ബില്ല് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 36 വർഷങ്ങൾക്ക് മുമ്പ് 350-യ്ക്ക് 18,700 രൂപയായിരുന്നു വില. ജാർഖണ്ഡിലെ ബൊക്കാറോയിൽ സന്ദീപ് ഓട്ടോ കമ്പനി എന്ന ഡീലർ നൽകിയ ബില്ലാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതിർത്തി പ്രദേശങ്ങളിൽ പട്രോളിംഗ് നടത്താൻ ഇന്ത്യൻ സൈന്യം കൂടുതലും ഉപയോഗിച്ചിരുന്നത് ഈ മോട്ടോർസൈക്കിളായിരുന്നു.
Comments