കൊച്ചി: 2022 ന്റെ അവസാനത്തോടെ മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ വിരുന്നാണ് ഉണ്ണിമുകുന്ദന്റെ ‘ മാളികപ്പുറം എന്ന സിനിമ. പുതുവർഷം എത്തിയതോടെ മാളികപ്പുറം കാണാൻ ആളുകൾ തിയേറ്ററുകളിലേക്ക് ഒഴുകുകയാണ്. സിനിമ വൻ ഹിറ്റായതോടെ വിജയം ആഘോഷിക്കുകയാണ് മാളികപ്പുറത്തിന്റെ അണിയറക്കാർ.
സിനിമയിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയ്ക്കും മറ്റൊരു ബാലതാരമായ ശ്രീപഥിനും ഒപ്പം മമ്മൂട്ടി കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. തമാശകൾ പറഞ്ഞ് ആഘോഷം കളറാക്കിയ മമ്മൂട്ടിക്ക് മുന്നിൽ, വിനയത്തോടെ നിൽക്കുന്ന ഉണ്ണി മുകുന്ദനെ കാണാം.
സിനിമ വിജയിപ്പിച്ചത് മമ്മൂക്കയടക്കം എല്ലാവരോടം നന്ദി പറഞ്ഞ ഉണ്ണി, മമ്മൂട്ടിയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിച്ചു. ”എന്നെ സംബന്ധിച്ച് വളരെ വലിയൊരു ദിവസമാണ് ഇന്ന്. വേറെ ഒന്നും കൊണ്ടല്ല. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറം സംഭവിച്ചിരിക്കുകയാണ്. ആന്റോ ചേട്ടന് ഒരുപാട് നന്ദി ഉണ്ട്. എല്ലാവരോടും നന്ദി. പ്രത്യേകിച്ച് മമ്മൂക്കയോട്. മാളികപ്പുറം എന്താണ് എന്ന് മലയാളി സമൂഹത്തിന് പറഞ്ഞ് കൊടുത്തത് മമ്മൂക്കയാണ്. ആ ഐശ്വര്യം എന്റെ കൂടെ മുന്നോട്ടും ഉണ്ടായി. 2023ലെ ആദ്യ ഹിറ്റായി സിനിമ മാറി”. എന്ന പറഞ്ഞാണ് ഉണ്ണിമുകുന്ദൻ അനുഗ്രഹം വാങ്ങിയത്.















