മുംബൈ: കേന്ദ്രസർക്കാരിന്റെ ഹരിത നയത്തിന് പിന്തുണയുമായി ആർബിഐയുടെ ഹരിത ബോണ്ട് എത്തുന്നു. കാർബൺ ബഹിർഗമനം കുറയ്‌ക്കാനുള്ള കേന്ദ്രസർക്കാറിന്റെ പുതിയ നയത്തിന്റെ ഭാഗമായുള്ള പദ്ധതികൾക്ക് വേണ്ടിയാകും ഹരിത ബോണ്ടിലൂടെ സമാഹരിക്കുന്ന പണം വിനിയോഗിക്കുക. നടപ്പ് സാമ്പത്തിക വർഷം 16,000 കോടിയുടെ ബോണ്ടുകളാണ് പുറത്തിറക്കുക.
2070 ഓടെ കാർബൺ ന്യൂട്രൽ രാജ്യമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് കേന്ദ്രസർക്കാറിന്റെ ലക്ഷ്യം. രണ്ട് ഘട്ടങ്ങളിലായി 8,000 കോടി വീതമാണ് സമാഹരിക്കുക. ആർബിഐ പുറത്തിറക്കുന്ന സാധാരണ ബോണ്ടുകൾക്ക് സമാനമാകും ഹരിത ബോണ്ടുകളുടെയും വ്യവസ്ഥ.
ആഗോള തലത്തിൽ സുസ്ഥിര വികസനത്തിന് പണം കണ്ടെത്താനായി രാജ്യങ്ങൾ ഹരിത ബോണ്ടുകൾ പുറത്തിറക്കാറുണ്ട്. ആദ്യഘട്ട ഹരിത ബോണ്ട് ജനുവരി 25ന് പുറത്തിറക്കും. 4000 കോടി രൂപയുടെ രണ്ട് ബോണ്ടുകളാണ് ആർബിഐ പുറത്തിറക്കുക. ഫെബ്രുവരി ഒമ്പതിനാണ് രണ്ടാം ഘട്ടം.















