കോഴിക്കോട്: പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് സ്വദേശി 19-കാരന് മുഹമ്മദ് ആനിഖാണ് മരിച്ചത്. നാളെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവം. സംഭവത്തിന് പിന്നാലെ പരാതിയുമായി ബന്ധുക്കള്‍ രംഗത്തി്. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ചെന്നൈ എസ്ആര്‍എം കോളേജിലെ റെസ്പിറേറ്ററി തെറപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ആനിഖ്. വിദ്യാര്‍ത്ഥി പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ ഹാജര്‍ കുറവെന്ന പേരില്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് അവസാന നിമിഷം കോളേജില്‍ നിന്ന് അറിയിപ്പ് വന്നു. ഇതിന് ശേഷം ആനിഖ് കടുത്ത നിരാശയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടുകാര്‍ വിവാഹ ചടങ്ങിന് പോയ നേരത്തായിരുന്നു ആനിഖ് ജീവനൊടുക്കിയത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. തുടര്‍ന്ന് ആനിഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ശ്വാസംമുട്ടലും മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങളും ആനിഖിനെ നിരന്തരം അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം കോളേജ് അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ പരീക്ഷ ഫീസ് വാങ്ങിയ ശേഷമാണ് ഹാജര്‍നില കുറവാണെന്നും പരീക്ഷ എഴുതാന്‍ കഴിയില്ലെന്നും കോളേജില്‍ നിന്ന് അറിയിപ്പ് ലഭിച്ചത്. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Comments