ബംഗളൂരു നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മറികടന്ന് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. കോളാറില്‍ നടത്തിയ റാലിയിലാണ് താന്‍ ഇത്തവണ ഈ മണ്ഡലത്തില്‍ നിന്ന് തന്നെ ജനവിധി തേടുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. കര്‍ണാടക കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന സിദ്ധരാമയ്യ-ശിവകുമാര്‍ പോര് ഇതോടെ പുതിയ തലത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.
സംസ്ഥാന തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് ഹൈക്കമാന്റാണ്. എന്നാല്‍ ഇപ്പോള്‍ കീഴ്വഴക്കങ്ങള് ലംഘിച്ച് സിദ്ധരാമയ്യ പ്രഖ്യാപനം നടത്തിയത് തന്നെ തഴയാനുള്ള സാദ്ധ്യത മുന്നില്‍ കണ്ടുകൊണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയില്‍ കോണ്‍ഗ്രസ് കടുത്ത ഭിന്നതയിലൂടെയാണ് കടന്നുപോകുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പിസിസി അദ്ധ്യക്ഷന്‍ ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മില്‍ കടുത്തപോരാണ് അരങ്ങേറുന്നത്.
2018 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ നിന്നാണ് സിദ്ധരാമയ്യ ജനവിധി തേടിയത്. ബദാമിയില്‍ വിജയിച്ചപ്പോള്‍ തന്റെ തട്ടകമായ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ അദ്ദേഹം തോല്‍വി നേരിട്ടു. ഇരുമണ്ഡലങ്ങളില്‍ നിന്നും ഇത്തവണ മത്സരിക്കില്ലെന്ന് സിദ്ധരാമയ്യ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബിജെപി കളം നിറഞ്ഞുകഴിഞ്ഞു. വികസനവും, പോപ്പുലര്‍ ഫ്രണ്ട് നിരോധനവും നിര്‍ബന്ധിത മതപരിവര്‍ത്തന നിയമവും ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ പ്രചാരണം. കര്‍ണാടക നിയമസഭയില്‍ ബിജെപിയ്ക്ക് 120 ഉം കോണ്‍ഗ്രസിന് 72 ഉം അംഗങ്ങളാണ് ഉള്ളത്. ജെഡിഎസിന് 30 എംഎല്‍എമാരുമുണ്ട്.
Comments