2022-ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. 16 കോടി മുതൽമുടക്കിൽ പുറത്തിറങ്ങിയ ചിത്രം 400 കോടിയോളമാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ വന്ന കെജിഎഫ് 2-വിന്റെ സ്വീകാര്യതയെ പോലും മറികടക്കാൻ ഋഷഭ് ഷെട്ടിയുടെ കാന്താരയ്ക്ക് കഴിഞ്ഞു. മിത്തും മണ്ണും മനുഷ്യനും കൂടിച്ചേർന്ന മാന്ത്രികതയായിരുന്നു കാന്താര. പ്രേക്ഷകരെ മറ്റൊരു ലോകത്തേയ്ക്ക് കൂട്ടി കൊണ്ടു പോകുന്ന ചിത്രത്തിന് വലിയ പ്രശംസയാണ് ലഭിച്ചത്. 2023-ലെ ഓസ്കറിന് കാന്താരയും അപേക്ഷ സമർപ്പിച്ചിരുന്നു. ഇപ്പോഴിതാ, ഇന്ത്യയിൽ നിന്നുള്ള ഓസ്കർ മത്സര പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് കാന്താരയും.
മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിലാണ് മത്സര പട്ടികയിൽ കാന്തര ഇടം നേടിയിരിക്കുന്നത്. ഇതോടെ പ്രധാന നോമിനേഷനിൽ കാന്താര എത്തുന്നതിനായി ഓസ്കർ അംഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. ചിത്രം യോഗ്യത പട്ടികയിൽ ഇടം നേടിയതിൽ സന്തോഷമുണ്ടെന്ന് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് അറിയിച്ചു. ‘കാന്താരയ്ക്ക് 2 ഓസ്കാർ യോഗ്യതകൾ ലഭിച്ചുവെന്നത് പങ്കിടുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്! ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും ഹൃദയംഗമമായ നന്ദി. മുന്നോട്ടുള്ള ഈ യാത്ര എല്ലാവരുമായും പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ പിന്തുണ വേണം’ എന്നാണ് ഹൊംബാളെ ഫിലിംസ് പറഞ്ഞത്.
അന്തിമ നോമിനേഷനിൽ കാന്താര എത്തുമോയെന്ന് ഉടൻ തന്നെ അറിയാം. ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം അവസാന പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച നടൻ, മികച്ച ദൃശ്യാവിഷ്കാരം എന്നീ വിഭാഗങ്ങളിലായാണ് ആർആർആർ മത്സരിച്ചത്.
Comments