തിരുവനന്തപുരം: ആരും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്ന് വി.ഡി.സതീശന്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന ശശി തരൂരിന്റെ പരാമര്‍ശനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ മറുപടി. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും നേതാക്കള്‍ പാര്‍ട്ടിക്ക് വിധേയരായാണ് തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കള്‍ക്ക് അങ്ങനെ ഒരു അഭിപ്രായമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്താണ് തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും വി.ഡി സതീശന് വ്യക്തമാക്കി. നേതാക്കള്‍ സ്വന്തമായി തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞ അദ്ദേഹം അഭിപ്രായമുള്ളവര്‍ പാര്‍ട്ടിയെ അറിയിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.
നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് തരൂര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എല്ലാവരും തന്നോട് കേരളത്തില്‍ സജീവമാകാന്‍ ആവശ്യപ്പെടുകയാണെന്നും എങ്ങനെ അത്തരം നിര്‍ദ്ദേശം തള്ളിക്കളയാന്‍ സാധിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.
ഭിന്നതകള്‍ക്ക് നടുവില്‍ ശശി തരൂരിന്റെ പ്രവേശനം കോണ്‍ഗ്രസിന് പുതിയ തലവേദന ആയിരിക്കുകയാണ്. തരൂരിനെ മുന്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി കരുനീക്കങ്ങള്‍ നടത്തുന്നുവെന്നാണ് ഉയരുന്ന ആരോപണം.
Comments