ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ എംപിവി ഡൽഹി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച് എംജി മോട്ടോർ ഇന്ത്യ. എംപിവി-യുനീക്ക് 7 ആണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. മൂന്നാം തലമുറ ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യയുള്ള പുതിയ എനർജി വാഹനമാണ് എംജി അവതരിപ്പിച്ചത്. പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കി ശുദ്ധവും കാര്യക്ഷമവുമായ യാത്ര നൽകുന്നതിന്റെ ഭാഗമാണ് തങ്ങളുടെ പുതിയ ശ്രമമെന്ന് എംജി പറഞ്ഞു.
2001-ൽ ഫീനിക്സ് നമ്പർ 1 ഫ്യുവൽ സെൽ വെഹിക്കിൾ പ്രൊജക്റ്റ് എന്ന നിലയിലാണ് എംജി ഹൈഡ്രജൻ ഫ്യൂവൽ സെൽ സിസ്റ്റം ആദ്യമായി ആരംഭിച്ചത്. ഇപ്പോൾ, പുതുതായി വികസിപ്പിച്ച മൂന്നാം തലമുറ ഇന്ധന സെൽ സിസ്റ്റം–പ്രോം പി 390 എന്ന് അറിയപ്പെടുന്നു. ഉയർന്ന ഊർജ്ജ സാന്ദ്രത, ഉയർന്ന ഈട്, ഉയർന്ന വിശ്വാസ്യത, പാരിസ്ഥിതിക സൗഹൃദം എന്നിവ ഉറപ്പു വരുത്തുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രോം പി 390-ന്റെ ഇന്റലിജന്റ് കൺട്രോൾ പ്രോഗ്രാമുകൾ വാഹനത്തിന്റെ വേഗത്തിലും നിയന്ത്രണത്തിലും കൃത്യമായ ഇടപെടലുകൾ നടത്തുന്നു.
ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ഫ്യൂവൽ സെൽ വാഹനങ്ങൾ മലിനീകരണ രഹിതമായിരിക്കും. ഇവ വേഗത്തിൽ റീ ചാർജ് ചെയ്യുവാനും സാധിക്കും. ഹൈഡ്രജൻ ഇന്ധന സെൽ പ്രവർത്തിക്കുന്ന വാഹനം ഒരു എയർ പ്യൂരിഫയർ പോലെ പ്രവർത്തിക്കുകയും, കേവലം ഒരു മണിക്കൂർ ഡ്രൈവിംഗ് കൊണ്ട് 150-ഓളം വരുന്ന മുതിർന്നവർ ശ്വസിക്കുന്ന വായുവിന് തുല്യമായ വായു ശുദ്ധീകരിക്കുന്നണ്ടെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. പരമാവധി 95 ഡിഗ്രി സെൽഷ്യസിൽ പ്രവർത്തിക്കാനും -30 ഡിഗ്രിയിൽ തണുപ്പ് താങ്ങാനും കഴിയുമെന്നുമാണ് കമ്പനിയുടെ അവകാശവാദം.
∙
Comments