ചൈന്നൈ: സിനിമാ ചിത്രീകരണത്തിനിടെ തമിഴ്നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് പരിക്ക്. പിച്ചൈക്കാരൻ 2-ന്റെ സെറ്റിൽ വച്ചാണ് അപകടം സംഭവിച്ചത്. മലേഷ്യയിലെ സെറ്റിൽ ഗാന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. ലങ്കാവി ദ്വീപിലാണ് ഗാന ചിത്രീകരണം നടന്നത്. വിജയ് ആന്റണിയും കാവ്യ ഥാപ്പറും ‘ജെറ്റ് സ്കി’യിൽ കടലിൽ സഞ്ചരിക്കുന്നത് ഷൂട്ട് ചെയ്യുമ്പോൾ അപ്രതീക്ഷിതമായി വിജയ് ആന്റണിയുടെ വാഹനം മറ്റൊരു ജെറ്റ് സ്കീയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ വിജയ് ആന്റണിയുടെ മുഖത്ത് പരിക്കേറ്റു. ചുണ്ടിനും പല്ലിനുമാണ് സാരമായി പരിക്കേറ്റത്. കാവ്യ ഥാപ്പർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടം നടന്ന ഉടൻ തന്നെ അണിയറ പ്രവർത്തകർ നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലെ ആശുപത്രിയിലേക്കാണ് വിജയിയെ കൊണ്ടുപോയത്.
തീവ്ര പരിചരണ വിഭാഗത്തിൽ നടനെ പ്രവേശിപ്പിച്ചിരുന്നു. നടനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയുമുണ്ട്. വിജയ് ആന്റണിയെ ഇന്ന് വൈകിട്ട് ചെന്നൈയിൽ എത്തിക്കും. ശേഷം ചികിത്സ ചെന്നൈയിൽ നടത്തും. പിച്ചൈക്കാരൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് വിജയ് ആന്റണി തന്നെയാണ്.
Comments