സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. സിനിമ തിയറ്റുകളിൽ കാണാനുള്ള തിടുക്കത്തിലാണ് മലയാള സിനിമാ പ്രേമികൾ. ചിത്രം ജനുവരി 19(നാളെ) റിലീസ് ചെയ്യും.
മഹാനടന്റെ പകർന്നാട്ടം കാണാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. കേരളത്തിൽ 122-ഓളം തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. തമിഴ്നാട്ടിലും സിനിമ റിലീസ് ചെയ്യും. ഇന്ത്യയ്ക്ക് പുറത്ത് യുഎഇ, ഖത്തർ, ഒമാൻ, ബഹറിൻ, കുവൈറ്റ് എന്നിവിടങ്ങളിലും ചിത്രം ജനുവരി 19 റിലീസ് ചെയ്യും.
ക്ലീൻ U ചലച്ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടി കമ്പനി എന്ന പേരിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർണമായും തമിഴ്നാട്ടിലായിരുന്നു. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കിയത്. രണ്ട് ഭാഷകളിലെയും പുതിയ താരങ്ങളാണ് അഭിനേതാക്കളായി എത്തിയത്. ഒപ്പം അശോകനും ഒരു പ്രധാന വേഷം ചെയ്യുന്നു. പേരൻപിനും പുഴുവിനും ക്യാമറ ചലിപ്പിച്ച തേനി ഈശ്വരാണ് ഛായാഗ്രഹണം.
Comments