സിനിമയിൽ മാത്രമല്ല, നൃത്ത വേദികളിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് മഞ്ജു വാര്യർ. അസാധ്യ പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്ന മലയാളികളുടെ സ്വന്തം മഞ്ജുവാര്യരുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സൂര്യ ഫെസ്റ്റിവലിന്റെ സമാപനവേദിയിൽ കുച്ചിപ്പുടി നൃത്ത നാടകം അവതരിപ്പിച്ചത് മഞ്ജുവും സംഘവുമാണ്. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റുന്നത്.

രാധേ ശ്യാം എന്ന് പേരിട്ടിരുന്ന നൃത്ത നാടകത്തിൽ കൃഷ്ണന്റെ വേഷമായിരുന്നു മഞ്ജുവിന്. കലാക്ഷേത്ര പൊന്നിയാണ് രാധയായി എത്തിയത്. പാദം സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച നൃത്ത നാടകത്തിന്റെ ആശയവും നൃത്തസംവിധാനവും ഗീത പദ്മകുമാറിൻറേത് ആയിരുന്നു. അർജുൻ ഭരദ്വാജിന്റെ വരികൾക്ക് ഭാഗ്യലക്ഷ്മി ഗുരുവായൂർ സംഗീതം പകർന്ന പരിപാടിയുടെ മ്യൂസിക് പ്രൊഡക്ഷൻ രാമു രാജ് ആയിരുന്നു.

നിറഞ്ഞ കയ്യടികളോടെയാണ് മഞ്ജുവിന്റെ പ്രകടനത്തെ കാണികൾ സ്വീകരിച്ചത്. നൃത്ത പരിപാടിയുടെ വീഡിയോ യുട്യൂബിലൂടെ പുറത്തു വിട്ടിട്ടുണ്ട്. വേദിയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ മഞ്ജുവാര്യർ തന്നെയാണ് പങ്കുവെച്ചത്.
















