സ്റ്റോക്ക്‌ഹോം: സ്വീഡനിലെ തുർക്കി എംബസിയിക്ക് മുന്നിലെ ഖുറാൻ കത്തിച്ചുള്ള പ്രതിഷേധത്തിനെതിരെ മുസ്ലീം രാഷ്‌ട്രങ്ങൾ. ഖത്തറും സൗദിയും തുർക്കിയും സംഭവത്തെ അപലപിച്ച് രംഗത്തുവന്നു. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷനും പ്രതിഷേധം അറിയിച്ചു. സ്വീഡിഷ് സർക്കാരിന്റെ അനുമതിയോടെയാണ് സംഭവം നടന്നതെന്നാണ് സംഘടനയുടെ ആരോപണം.
200 കോടിയിൽ അധികം വരുന്ന മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് സംഭവമെന്ന് ഖത്തർ പ്രതികരിച്ചു. ഖുറാൻ കത്തിച്ചുള്ള പ്രതിഷേധത്തിന് അനുമതി നൽകിയ സ്വീഡിഷ് പോലീസിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നതായും ഇസ്ലാമോഫോബിയ പരത്താനുളള ശ്രമങ്ങൾക്കെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
https://twitter.com/WarMonitors/status/1616840785558933505
വെളളിയാഴ്ചയാണ് സ്‌റ്റോക്ക്‌ഹോമിലെ തുർക്കി എംബസിക്ക് മുന്നിൽ റാസ്മസ് പലുദാൻ എന്ന ചെറുപ്പക്കാരൻ ഖുറാൻ കത്തിച്ചത്. തുർക്കി അഭിപ്രായ സ്വാതന്ത്ര്യ അവകാശങ്ങളെ മാനിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. പോലീസിന്റെ അനുമതിയോടെയാണ് താൻ ഇത് ചെയ്തതെന്നും അയാൾ അവകാശപ്പെട്ടു.
വിഷയത്തിൽ തുർക്കിയും പ്രതികരണം നടത്തിയിട്ടുണ്ട്. ടർക്കിഷ് പ്രതിരോധമന്ത്രി നടത്താനിരുന്ന സ്വീഡൻ സന്ദർശനം മാറ്റിവെച്ചു. ഇസ്താംബൂളിലെ സ്വീഡിഷ് കോൺസുലേറ്റിന് മുന്നിൽ സ്വീഡന്റെ പതാക കത്തിച്ച് ഒരുവിഭാഗം ഇസ്ലാം സംഘടന പ്രവർത്തകർ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചു.















