പോർട്ട് ബ്ലെയർ: 21 ദ്വീപുകൾക്ക് പരംവീർ ചക്ര പുരസ്കാര ജേതാക്കളുടെ പേര് നൽകിയതിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോകത്ത് ഒരു രാജ്യവും സൈനികരുടെ പേര് ദ്വീപുകൾക്ക് നൽകി ആദരിച്ചിട്ടില്ല. സൈനികരെ ആദരിക്കുകയെന്നത് രാജ്യത്തിന്റെ ദൗത്യമാണെന്നും അമിത് ഷാ പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിച്ച ഈ ശക്തമായ തീരുമാനത്തെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ദ്വീപുകളുടെ പേര് സായുധ സേനയ്ക്ക് പ്രചോദനമാകും. 21 ദ്വീപുകൾക്ക് പേരിട്ടുവെന്ന് മാത്രമല്ല 21 വീരൻമാരുടെ വീര്യത്തിന് അഭിവാദ്യം അർപ്പിച്ച് 21 ദീപങ്ങൾ തെളിയിക്കുന്ന ദൗത്യമാണ് പ്രധാനമന്ത്രി ചെയ്തത്. സെല്ലുലാർ ജയിൽ വെറുമൊരു ജയിലല്ലെന്നും സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ തീർത്ഥാടന കേന്ദ്രമാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
നേതാജി സ്മരണ ദിനത്തിലെ പ്രസംഗത്തിലാണ് പരംവീർ ചക്ര പുരസ്കാര ജേതാക്കളുടെ പേരുകൾ ദ്വീപുകൾക്ക് നൽകിയത്. നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപിൽ നിർമ്മിച്ച അദ്ദേഹത്തിന്റെ സ്മാരകവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
Comments