മുംബൈ : സിനിമ റിവ്യൂ ചെയ്യാൻ അനുമതി തേടി സൽമാൻ ഖാനോട് അനുമതി തേടി നടനും സിനിമ നിരൂപകനുമായ കമാൽ ആർ ഖാൻ എന്ന കെ ആർ കെ .അമിതാബ് ബച്ചൻ മുതൽ ഷാറൂഖ് ഖാനും ആമിർ ഖാനും വരെ ഇദ്ദേഹത്തിന്റെ പരിഹാസത്തിന് ഇരയായിട്ടുണ്ട്. മുൻപ് മോഹൻലാലിനെ പരിഹസിച്ചതിന് മലയാളികളിൽ നിന്നും കെ ആർ കെയ്ക്ക് ഏറെ വിമർശനങ്ങളും ലഭിച്ചിരുന്നു .
പുതിയ ചിത്രമായ കിസി കാ ഭായ് കിസി കി ജാനിന്റെ ടീസർ അവലോകനം ചെയ്യാനാണ് സൽമാൻ ഖാനോട് അനുമതി തേടിയത് . കോടതി ഉത്തരവ് മൂലം സൽമാന്റെ സിനിമകൾ റിവ്യൂ ചെയ്യാനാകില്ലെന്ന് കെആർകെ പറഞ്ഞു. ‘കിസി കാ ഭായ് കിസി കി ജാൻ’ ചിത്രത്തിന്റെ ടീസർ ബുധനാഴ്ച പുറത്തിറങ്ങി. ടീസർ പുറത്തുവന്നതിന് പിന്നാലെ നിരവധി സിനിമാ നിരൂപകരും ഇതിനെ വിലയിരുത്തി. എല്ലാവരേയും പോലെ, തനിക്കും ഇതിനെ റിവ്യൂ ചെയ്യണമെന്നാണ് കെ ആർ കെ ആവശ്യപ്പെട്ടിരിക്കുന്നത്.
“പ്രിയ സൂപ്പർസ്റ്റാർ സൽമാൻ ഖാൻ സർ, നിങ്ങളുടെ കിസി കാ ഭായ് കിസി കി ജാൻ എന്ന ചിത്രത്തിന്റെ ടീസർ അവലോകനം ചെയ്യാൻ എന്നെ അനുവദിക്കാമോ? താങ്കളുടെ ഈ അനുഗ്രഹത്തിന് ഞാനും മറ്റുള്ളവരും നിങ്ങളോട് നന്ദിയുള്ളവരായിരിക്കും. സൽമാൻ ഭായിയെ ബോധ്യപ്പെടുത്താൻ ദയവായി റീട്വീറ്റ് ചെയ്യുക.‘ കെആർകെ ട്വീറ്റിൽ കുറിച്ചു.
“സലിം ഖാൻ സർ, ആരോടെങ്കിലും ക്ഷമിക്കുന്നത് ഏറ്റവും വലിയ ശരിയാണെന്ന് നിങ്ങൾ ടിവിയിൽ പറഞ്ഞു. നിങ്ങൾ ഇത് ശരിക്കും വിശ്വസിക്കുന്നുവെങ്കിൽ, സൽമാൻ ഖാൻ സാറിനോട് അദ്ദേഹത്തിന്റെ സിനിമകൾ അവലോകനം ചെയ്യാൻ എന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെടുക. അവരെ കളിയാക്കില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ഒരു പ്രൊഫഷണൽ നിരൂപകൻ എന്ന നിലയിൽ മാത്രമേ ഞാൻ സിനിമയെക്കുറിച്ച് സംസാരിക്കൂ.“ സൽമാൻ ഖാന്റെ പിതാവ് സലിം ഖാനെ തന്റെ അടുത്ത ട്വീറ്റിൽ ടാഗ് ചെയ്തുകൊണ്ട് കെ ആർ കെ എഴുതിയത് ഇങ്ങനെയാണ് . 2021 ജൂണിലാണ് മുംബൈ കോടതി സൽമാൻ ഖാന്റെ സിനിമകൾ അവലോകനം ചെയ്യുന്നതിൽ നിന്ന് കെആർകെയെ വിലക്കിയത് .
Comments