തൊട്ടതിനും പിടിച്ചതിനും ഫ്ളക്സ് എന്നതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. ട്രെൻഡിനൊപ്പം സഞ്ചരിക്കുന്നതാകട്ടെ രാഷ്ട്രീയക്കാരും..എന്നാൽ ഇങ്ങനെ എന്തിനും ഏതിനും ഫ്ളക്സ് പൊക്കുന്നവർക്ക് നല്ല എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് നാട്ടുകാർ. സംഭവം നമ്മുടെ കൊല്ലത്താണ്. പെരിയനാട് പഞ്ചായത്തിലാണ് നാട്ടുകാരുടെ അഡാർ പണി.
പെരിനാട് പഞ്ചായത്ത് സ്റ്റാർച്ച് ജംഗ്ഷൻ -കൈതകോടി റോഡ് നിർമ്മാണം ആരംഭിച്ചിട്ട് രണ്ട് മാസം കഴിഞ്ഞു. പക്ഷേ കാര്യങ്ങൾ ഇപ്പോഴും തുടങ്ങിയ ഇടത്ത് തന്നെ നിൽക്കുകയാണ്. റോഡ് പണിയേക്കാൾ വേഗത ഒച്ചിനുണ്ടെന്നാണ് നാട്ടുകാർ പരിഹസിക്കുന്നത്. പുതിയ റോഡ് പണിയുന്നതിനായി പഴയ റോഡ് ഇളക്കിയിട്ടിരിക്കുകായാണ്. അതുകൊണ്ട് തന്നെ ജനങ്ങൾ പ്രതിസന്ധിയിലാണ്. നടന്നാൽ പോലും മറിഞ്ഞ് വീഴുന്ന അവസ്ഥയാണ്. റോഡിലൂടെ സൈക്കിൾ പോലും വരില്ലാത്ത സാഹചര്യമാണെന്നാണ് നാട്ടുകാർ പറയുന്നത്. പുതിയ റോഡിന് കാത്തിരുന്ന നാട്ടുകാർ ഇപ്പോ പഴയ റോഡെങ്കിലും തിരിച്ച് കിട്ടിയാൽ മതിയെന്ന അവസ്ഥയിലാണ്. എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞ നാട്ടുകാർ അവസാനം റോഡ് അടച്ച് വഴ നടുകയാണുണ്ടായത്.
പുതിയ റോഡിന് പണം അനുവദിച്ചതിന് സർക്കാരിനെ അഭിനന്ദിച്ച് സിപിഎമ്മും ഇതേ വിഷയത്തിൽ എംഎൽഎയെ അഭിനന്ദിച്ച് കോൺഗ്രസും റോഡിൽ ഫ്ളക്സുകൾ സ്ഥാപിച്ചിരുന്നു. ഈ ഫ്ളക്സുകൾക്ക് നടുവിലാണ് നാട്ടുകാരുടെ പ്രതിഷേധ വാഴകൾ നട്ടത്. ‘വാഴ വളർന്ന് കുലച്ചാലെങ്കിലും റോഡ് പണി തുടങ്ങുമോ’ എന്നാണ് നാട്ടുകാരുടെ ചോദ്യം. ഇനി കുലച്ച വാഴയ്ക്കും ഫ്ളക്സ് വരുമോ എന്നതാണ് സംശയം…
Comments