തിരുവനന്തപുരം: കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജി വയ്‌ക്കാനൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ. ജാതി വേർതിരിവിനെ ചൊല്ലി വിവാദത്തിലായതിന് പിന്നാലെയാണ് നീക്കം. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസിലാകും അടൂർ നിലപാട് അറിയിക്കുക. നിലവിലെ വിവാദങ്ങളിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിക്കുന്നത്. രാജിയിൽ നിന്ന് അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കവും സർക്കാർ തുടരുന്നുണ്ട്.
കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തെ തുടർന്ന് സിനിമ മേഖലയിൽ നിന്നുൾപ്പടെ അടൂരിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികൾ അടൂരിന് തുറന്ന കത്തെഴുതി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ജാതി അധിക്ഷേപവും സംവരണ അട്ടിമറിയും നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വിദ്യാർത്ഥികൾ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങിയത്.
ഇതിനിടെ ഡയറക്ടറായിരുന്ന ശങ്കർ മോഹനെ പിന്തുണച്ച അടൂരിന്റെ നിലപാട് ശക്തമായ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹൻ രാജിവച്ചതിന് പിന്നാലെയാണ് അടൂരിന്റെയും നീക്കം .
Comments