ഇസ്ലാമാബാദ്: കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണ് പാകിസ്താനിലെ കറാച്ചിയെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒറ്റദിവസം മാത്രം നഗരത്തിൽ 140 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് കൊലപാതകങ്ങൾ, 36 പണം തട്ടിപ്പറിക്കലുകൾ, 85 വാഹന മോഷണങ്ങൾ എന്നിവ ഉൾപ്പെടെയാണിത്.
കറാച്ചിയിലെ അഡീഷണൽ ഇൻസ്പെക്ടർ ജനറലാണ് (എഐജി) വിവരം പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷായ്‌ക്ക് റിപ്പോർട്ട് സമർപ്പിച്ചതായി എഐജി അറിയിച്ചു. എട്ട് മോട്ടോർസൈക്കിളുകൾ ഉൾപ്പെടെ പത്ത് വാഹനങ്ങൾ ബലമായി തട്ടിയെടുത്തതായും 85 വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. പോലീസും കുറ്റവാളികളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ആറെണ്ണവും ഒറ്റദിവസം സംഭവിച്ചു.
കുറ്റകൃത്യങ്ങളിൽ പങ്കാളികളായ 10 പേരെ പരിക്കുകളോടെ പോലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ വ്യത്യസ്ത കേസുകളിലായി പ്രതി ചേർക്കപ്പെട്ട 129 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇതുകൂടാതെ മയക്കുമരുന്നുകളും അനധികൃതമായി കൈവശം വച്ച നിരവധി ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒറ്റദിവസം റിപ്പോർട്ട് ചെയ്ത എല്ലാ കുറ്റകൃത്യങ്ങളുടെയും വിശദമായ റിപ്പോർട്ടാണ് പോലീസ് സമർപ്പിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്നതിനിടെയാണ് പാകിസ്താനിലെ ഏറ്റവും സുപ്രധാന നഗരങ്ങളിലൊന്നായ കറാച്ചി കുറ്റകൃത്യങ്ങളുടേ കേന്ദ്രമായി മാറിയിരിക്കുന്നത്.
Comments