തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. നാളെ ബൂത്ത് തലങ്ങളിൽ പന്തംകൊളുത്തി പ്രതിഷേധം നടത്തും. ഈ മാസം ഒമ്പതിന് എല്ലാ കളക്ടറേറ്റുകളിലേക്കും ബഹുജന മാർച്ച് നടത്തുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്രവിഹിതം ഒന്നും ലഭിച്ചില്ല എന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പച്ചക്കള്ളം പറയുകയാണെന്ന് കെ. സുരേന്ദ്രൻ വിമർശിച്ചു. കണക്കുകൾ വെളിപ്പെടുത്തി ധവളപത്രം പുറത്തിറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രം അനുവദിച്ച പല പദ്ധതികളും പേരുമാറ്റി ഇവിടെ അവതരിപ്പിക്കപ്പെടുകയാണെന്നും ഇതിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ എല്ലാ മേഖലകളിലും പ്രതിസന്ധിയാണ്. ആരോഗ്യ മേഖലയിൽ മരുന്നുകൾ എത്തുന്നില്ല. ഡോക്ടമാർ ആവശ്യത്തിനില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലും തകർച്ചയാണ് നേരിടുന്നത്. സിപിഎം നേതാക്കൾക്കും ബന്ധുക്കൾക്കും അർഹതയില്ലാതെ ഡോക്ടറേറ്റ് ലഭിക്കുന്ന സാഹചര്യമാണ്. ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുതൽ എല്ലാ മേഖലകളിലും അഴിമതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments