ഷാജി കൈലാസ്-സുരേഷ് ഗോപി കൂട്ടുക്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചവയാണ്. പ്രത്യേകിച്ച് ചിന്താമണി കൊലക്കേസ്. ഒരു പക്ഷെ ഈ സിനിമയേക്കാൾ ആരാധകരുണ്ട് ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്. എൽ.കെ.. ലാൽ കൃഷ്ണ വിരാടിയാർ..’. സുരേഷ് ഗോപി ആരാധകർക്ക് മാത്രമല്ല, മലയാള സിനിമാ പ്രേമികൾക്ക് മുഴുവൻ ആവേശമാണ് ആ പേര്. മലയാളത്തിലെ ആ ഫയർബ്രാൻഡ് കഥാപാത്രം വീണ്ടും എത്തുമെന്ന് സംവിധായകൻ ഷാജി കൈലാസ് കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ പുതിയ പോസ്റ്റർ പങ്കിട്ടുകൊണ്ടാണ് എൽ.കെയുടെ വരവ് സംവിധാകൻ അറിയിച്ചത്. തിരക്കഥകൃത്ത് എ.കെ സാജന്റെ പേരും പോസ്റ്ററിലുണ്ട്. മറ്റ് കഥാപാത്രങ്ങളെ കുറിച്ച് സൂചനകളൊന്നുമില്ല. ഇപ്പോഴിതാ, നടൻ സുരേഷ് ഗോപിയും ചിത്രത്തെപ്പറ്റി സൂചന നൽകിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടൻ സിനിമ വരുമെന്ന് അറിയിച്ചിരിക്കുന്നത്.
‘ഒരു നീതി, എപ്പോഴും ഒരു നീതി’ എന്ന അടിക്കുറിപ്പും ചിത്രത്തിന് സുരേഷ് ഗോപി നൽകിയിരിക്കുന്നു. പോസ്റ്റിന് താഴെ ആരാധകരുടെ കമന്റുകൾ നിറയുകയാണ്. കുറ്റവാളികൾക്കു വേണ്ടി കോടതിയിൽ കേസ് വാദിക്കുകയും അവരെ രക്ഷിച്ചതിനു ശേഷം മരണശിക്ഷ നൽകുകയും ചെയ്യുന്ന ലാൽ കൃഷ്ണ വിരാടിയാർ എന്ന അഭിഭാഷകൻ തിരിച്ചു വരുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
Comments