മഹാശിവരാത്രി ദിനത്തിൽ 18,82,000 ദീപങ്ങൾ തെളിയിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ച് ഉജ്ജൈൻ. ഇതോടെ അയോദ്ധ്യയുടെ റെക്കോർഡാണ് ഉജ്ജൈൻ തകർത്തത്. 18,000-ലധികം സന്നദ്ധപ്രവർത്തകരാണ് ദീപം തെളിയിച്ചത്. സ്കൂൾ കുട്ടികൾ മുതൽ കോളജ് വിദ്യാർത്ഥികൾ വരെ സാമൂഹിക സംഘടനകളും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും ദീപം തെളിയിച്ചു.

ദീപം തെളിയിക്കുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉജ്ജൈനിലെത്തിയിരുന്നു. ഉജ്ജൈനിനിന്റെ പേര് ഗിന്നസ് ബുക്കിൽ ഇടം നേടിയത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദീപങ്ങൾ തെളിയിക്കാൻ സഹകരിച്ച ജനങ്ങളോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
മഹാശിവരാത്രി ഉത്സവത്തെ ഉജ്ജൈനിൽ ശിവ ദീപാവലി എന്നാണ് പറയുന്നത്. ശിവ ദീപാവലിയോടനുബന്ധിച്ച് ഉജ്ജൈൻ ദീപങ്ങളാൽ പ്രകാശ പൂരിതമാണ്. 2020-ൽ ഉജ്ജൈൻ 11 ലക്ഷം ദീപങ്ങൾ തെളിയിച്ചതിന്റെ ലോക റെക്കോർഡ് 2022-ൽ അയോദ്ധ്യ 18 ലക്ഷം ദീപങ്ങൾ തെളിയിച്ച് തകർത്തു.
എന്നാൽ ഇത്തവണ മഹാശിവരാത്രി ദിനത്തിൽ ഉജ്ജൈനിലെ ജനങ്ങൾ നഷ്ടമായ ലോക റെക്കോർഡ് തിരികെ വീണ്ടെടുത്തു. 18,82,000 ദീപങ്ങളാൽ മഹാശിവരാത്രി ദിനത്തിൽ ഉജ്ജൈൻ പ്രകാശിതമായെന്ന് കളക്ടർ കുമാർ പുരുഷോത്തം വ്യക്തമാക്കി.















