ചെട്ടികുളങ്ങരയിലെ നയാനന്ദകരമായ കെട്ടുകാഴ്ചയുടെ ഉത്ഭവത്തെക്കുറിച്ച് നാട്ടുകാര്‍ക്കിടയിൽ നിലനില്‍ക്കുന്ന ഒരു കഥയുണ്ട്. അത് ഏതാണ്ട് ഇപ്രകാരമാണ്:
ഒരിക്കൽ കൊല്ലത്ത്ഒരുവലിയ തോടു നിർമ്മാണം നടന്നു. തോടു നിർമ്മിക്കുന്നതിന് പണിയാളുകളായി ഓണാട്ടുകരയിൽ നിന്നും പ്രത്യേകിച്ച് ചെട്ടികുളങ്ങരയിൽ നിന്നും ധാരളം തൊഴിലാളികളെ കൊണ്ടുപോയിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും തോടുപണി പൂർത്തിയാക്കാനായില്ല. പണിക്ക് പല തടസ്സങ്ങളുമുണ്ടായിക്കൊണ്ടിരുന്നു. അതിനാൽ അവർക്ക് നാട്ടിലേക്ക് തിരിച്ചു വരാൻ കഴിയാതെ വളരെ നാളുകൾ അവിടെ കഴിയേണ്ടിവന്നു. അതിനിടയിൽ കൊല്ലം, മുളങ്കാടകം ക്ഷേത്രത്തിലെ ഉത്സവം കാണാൻ അവർക്ക് ഇടവന്നു. അവിടെക്കണ്ട കെട്ടുകാഴ്ച അവർക്കു പുതുമയുള്ള അനുഭവമായി. അത് അവരിൽ വളരെയധികം കൗതുകമുണ്ടാക്കിയിരുന്നു. അക്കൊല്ലം ഭരണിക്കുമുമ്പ് നാട്ടിൽ തിരികെ എത്താനായാൽ ചെട്ടികുളങ്ങര അമ്മയ്ക്കുമുന്നിൽ ഇത്തരമൊരു കെട്ടുകാഴ്ച തങ്ങൾ സമർപ്പിക്കാമെന്ന് അവർ വഴിപാടു നേർന്നു. തങ്ങളുടെ മടക്കം പെട്ടെന്നാക്കിത്തരണമെന്നവർ ഉള്ളുരുകി പ്രാർത്ഥിച്ചു. അവരാഗ്രഹിച്ചതുപോലെ, അധികാരികൾ പണി നിർത്തിവെച്ചു. ചെട്ടികുളങ്ങര കുംഭഭരണിക്കുമുൻപ് നാട്ടിലേക്കുമടങ്ങാനായ തൊഴിലാളികൾ മുളങ്കാടകത്ത് കണ്ടതുപോലെ കെട്ടുകാഴ്ചയൊരുക്കി ഭഗവതിക്കു കാഴ്ചവെച്ചു.
പുരാവൃത്തമെന്ന നിലയില്‍ ഓണാട്ടുകരക്കാരുടെയിടയിൽ നിലനില്‍ക്കുന്ന കഥയുടെ ചുരുക്കമിതാണ്. എന്നാൽ ഈ ആഖ്യാനത്തിൽ ചില വസ്തുതകളും ഒളിഞ്ഞിരിപ്പുണ്ട്.

റാണി ഗൗരി പാർവ്വതീഭായിയുടെ കാലത്താണ് നാടിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കാൻ തീരുമാനിച്ചത്. പാര്വ്വതീപുത്തനാർ എന്നറിയപ്പെട്ട തോടിന്റെ കൊല്ലം ഭാഗത്തെ പണിക്കായിരുന്നു ചെട്ടികുളങ്ങരയിലെ തൊഴിലാളികൾ നിയോഗിക്കപ്പെട്ടത്. കൊല്ലംതോടെന്നും പാർവ്വതീപുത്തനാർ അവിടെ അറിയപ്പെടുന്നുണ്ട്. പൊന്നാനി വരെ നീളുന്നതാണ് പ്രസ്തുത തോട്. കരമാർഗ്ഗമുള്ള സഞ്ചാരം അക്കാലത്ത് വിരളമായിരുന്നു. തോടുകളും ആറുകളും നദികളും കായലുകളുമായിരുന്നു വ്യാവസായിക പാതയായും അന്ന് ഉപയോഗിച്ചിരുന്നത്. 1815 മുതല്‍ 1829 വരെയായിരുന്നു ഗൗരി പാർവ്വതീഭായിയുടെ ഭരണകാലം. അന്നത്തെ തൊഴിലാളികളാണ് ആദ്യമായി കെട്ടുകാഴ്ച ഒരുക്കി ക്ഷേത്രത്തിൽ സമർപ്പിച്ചത്. പില്ക്കാലത്ത് ഭക്തർ അതിനെ വിപുലപ്പെടുത്തി ഇന്നത്തെ രൂപത്തിലാക്കി.
ഓണാട്ടുകരയിലെ അറിയപ്പെടുന്ന പ്രാദേശിക ചരിത്ര കാരനാണ് ഹരികുമാർ ഇളയിടം.’ചെട്ടികുളങ്ങര കുംഭഭരണി: ഓണാട്ടുകരയുടെ പൂരോത്സവം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
Phone ; 9061108334















