വേൾഡ് ടെലിവിഷൻ പ്രീമിയറിനൊരുങ്ങി ഉണ്ണി മുകുന്ദൻ ചിത്രം ഷെഫീക്കിന്റെ സന്തോഷം. യുവ സംവിധായകൻ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷെഫീക്കിന്റെ സന്തോഷത്തിന് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യ ടിവിയിലാണ് ‘ഷെഫീഖിന്റെ സന്തോഷം’ വേൾഡ് പ്രീമിയർ ചെയ്യുന്നത്. ഞായർ വൈകുന്നേരം 5.30-നാണ് സംപ്രേഷണം.
കൂടെയുള്ളവരുടെ സന്തോഷം സ്വന്തം സന്തോഷമായി കാണുന്ന, ഹൃദയം മുഴുവൻ സ്നേഹവും ആകാശം മുട്ടെ സ്വപ്നവും കൊണ്ടുനടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതം പറയുന്ന സിനിമയാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ഒരുപാട് ആത്മാർത്ഥതയും സ്നേഹവും കാണിക്കുന്നവരുടെ ജീവിതത്തിൽ വരുന്ന തിരിച്ചടികളിലൂടെ കഥ പറയുമ്പോൾ പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ പറ്റും എന്നതാണ് സിനിമയെ വേറിട്ടു നിർത്തുന്ന ഘടകം. റിയലിസ്റ്റിക് ഫാമിലി എന്റർടെയ്നർ വിഭാഗത്തിലാണ് ചിത്രം എത്തിയത്.
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്.
Comments