ഷാജൂൺ കാര്യാൽ സംവിധാനം ചെയ്യുന്ന ചിത്രം ‘മൃദു ഭാവേ ദൃഢ കൃത്യേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് ദേശീയ അവാർഡ് ജേതാവും ഗായികയുമായ നഞ്ചിയമ്മ. പാലക്കാട് ലീഡ്‌സ് കോളേജിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു റിലീസ്. കാസർഗോഡ്, ഒറ്റപ്പാലം, മുംബൈ, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
നാട്ടിൻ പുറത്തെ അഭ്യസ്ഥവിദ്യരായ ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിലുണ്ടാവുന്ന അസാധാരണ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ടെലിവിഷൻ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനായ സൂരജ് സൺ ആണ് ചിത്രത്തിലെ നായകൻ. ശ്രവണ, മരിയ പ്രിൻസ് എന്നിവരാണ് ചിത്രത്തിൽ സൂരജ് സണ്ണിന്റെ നായികമാർ. തട്ടും പുറത്ത് അച്ചുതൻ, ഏതം തുടങ്ങിയ ചിത്രങ്ങളിൽ നായികയായിരുന്നു ശ്രവണ.
ഫൈഡ്രോഎയർ ടെക്ടോണിക്‌സ് (എസ്പിഡി) പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോ. വിജയ്ശങ്കർ മേനോനാണ് നിർമ്മാണം. ഡോ. വിജയ്ശങ്കർ മേനോന്റെ കഥക്ക് നവാഗതരായ രവി തോട്ടത്തിൽ തിരക്കഥയും, രാജേഷ് കുറുമാലി സംഭാഷണവുമൊരുക്കിയിരിക്കുന്നു. സുരേഷ് കൃഷ്ണ, അനിൽ ആന്റോ, ദിനേശ് പണിക്കർ, സീമ ജി. നായർ, മായാമേനോൻ, ജീജ സുരേന്ദ്രൻ, ശിവരാജ്, ഹരിത്, വിഷ്ണു വിദ്യാധരൻ, അമൽ ഉദയ്, സിദ്ധാർത്ഥ് രാജൻ, ജുനൈറ്റ് അലക്‌സ് ജോർഡി, മനൂപ് ജനാർദ്ധനൻ, ദേവദാസ്, ആനന്ദ് ബാൽ, അങ്കിത് മാധവ്, വിജയ് ഷെട്ടി, രാജേഷ് കുറുമാലി, വിമൽ ഫസ്റ്റ് ക്ലാപ്പ്, ഡോ. സുനിൽ, ദീപക് ജയപ്രകാശൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
റഖീബ് ആലം, ദിൻ നാഥ് പുത്തഞ്ചേരി, ഡോ. ജറ്റീഷ് ശിവദാസ്, ഡോ. പ്രജീഷ് ഉണ്ണികൃഷ്ണൻ, ശ്രീജിത് രാജേന്ദ്രൻ എന്നിവർ വരികളെഴുതി സാജൻ മാധവ് സംഗീതം നൽകിയ ഗാനങ്ങൾ നരേഷ് അയ്യർ, ഹെഷാം അബ്ദുൾ വഹാബ്, സയനോര ഫിലിപ് , മൃദുല വാര്യർ, സച്ചിൻ രാജ്, ബിനു ആന്റണി എന്നിവർ ആലപിച്ചിരിക്കുന്നു. ഛായാഗ്രാഹണം നിഖിൽ വി. നാരായണൻ. സുമേഷ് ആണ് ചിത്ര സംയോജനം ചെയ്തിരിക്കുന്നത്.















