ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഇതൊരു ചരിത്ര ദിനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ‘വികസന അനുകൂല രാഷ്ട്രീയത്തിന്റെ വിജയം’ എന്നാണ് ത്രിപുര, മേഘാലയ, നാഗാലാന്റ് തിരഞ്ഞെടുപ്പുകളെ അദ്ദേഹം വിശേഷിപ്പിച്ചത്. ബിജെപിയെ തിരഞ്ഞെടുത്ത നാഗാലാൻഡിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ബിജെപിയും സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻഡിപിപി) നാഗാലാൻഡിൽ ഭൂരിപക്ഷം നേടി. ബി.ജെ.പി.യെ പിന്തുണയ്ക്കുന്നതിനും അനുഗ്രഹിച്ചതിനും മേഘാലയയിലെ ജനങ്ങൾക്ക് അമിത് ഷാ നന്ദി അറിയിച്ചു. ജനങ്ങളെ സേവിക്കാനും അവർക്ക് ശോഭനമായ ഭാവി സൃഷ്ടിക്കുവാനും സാധിച്ചതിൽ താൻ ഭാഗ്യം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കൽ കൂടി ബിജെപിയിൽ വിശ്വാസമർപ്പിച്ചതിന് ത്രിപുരയിലെ ജനങ്ങളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ബിജെപിയുടെ വിജയം ഉറപ്പാക്കുന്നതിൽ അശ്രാന്ത പരിശ്രമം നടത്തിയ ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ, സംസ്ഥാന ബിജെപി നേതൃത്വം എന്നിവരെ ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു.
സംസ്ഥാനത്ത് ബിജെപിയുടെ കാൽപ്പാടുകൾ വിപുലീകരിക്കാനുള്ള കഠിനാധ്വാനത്തിന് മേഘാലയ ബിജെപിയെ അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങളുടെ വികസനത്തിനും സമൃദ്ധിക്കുമാണ് പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments