മുംബൈ: ഭാരതീയർക്ക് ഇന്ന് ചരിത്രദിനം. പ്രഥമ വനിതാ ഐപിഎൽ മത്സരങ്ങൾ ഇന്ന് ആരംഭിക്കും. എന്നാൽ ഉദ്ഘാടന മത്സരത്തിന്റെ സമയത്തിൽ മാറ്റം. മുംബൈ ഇന്ത്യൻസും ഗുജറാത്ത് ജയ്ന്റ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴരയ്‌ക്കാണ് മത്സരം നിശ്ചയിച്ചിരുന്നത്. പുതുക്കിയ സമയപ്രകാരം രാത്രി എട്ട് മണിയ്‌ക്കാണ് മത്സരം ആരംഭിക്കുക. 6.25-ന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും.
സമയക്രമം മാറ്റിയതിന്റെ കാരണം വ്യക്തമല്ല. ഓസ്ട്രേലിയൻ കരുത്തുമായാണ് ഗുജറാത്ത് വരുന്നത്. ക്യാപ്റ്റൻ ബെത്ത് മൂണിക്കൊപ്പം താരലേലത്തിലെ താരങ്ങളിലൊരാളയ ആഷ്ലി ഗാഡ്നറും സംഘത്തിലുണ്ട്. ഡിയാഡ്ര ഡോട്ടിൻ, അന്നെബെൽ സതർലൻഡ് എന്നിങ്ങലെ പ്രതിഭകൾ പലരുമുണ്ട്.
അഞ്ച് ടീമുകൾ പങ്കെടുക്കുന്ന ലീഗിൽ ആകെ 23 മത്സരങ്ങളാണ് ഉള്ളത്. പോയിന്റ് പട്ടികയിലെ ആദ്യസ്ഥാനക്കാർ നേരിട്ട് ഫൈനലിലേക്ക്. രണ്ടും മൂന്നും സ്ഥാനക്കാർ സെമി ഫൈനലിൽ ഏറ്റുമുട്ടും. മുംബൈയിലെ ഡിവൈ പാട്ടീല് സ്റ്റേഡിയത്തിലും ബ്രാബോൺ സ്‌റ്റേഡിയത്തിലുമായി ആകെ 22 മത്സരങ്ങൾ. താരലേല പട്ടികയിൽ ഇടംപിടിച്ചത് 448 പേർ. അഞ്ചുടീമുകൾ ഇവരിൽ നിന്ന് സ്വന്തമാക്കിയത് 87 താരങ്ങളെ. രണ്ട് ഇന്ത്യൻ താരങ്ങൾക്കാണ് ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചത്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ സ്മൃതി മന്ദാന നയിക്കും. മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗറുമാണ് നയിക്കുന്നത്. മൂന്ന് ഓസ്‌ട്രേലിയൻ താരങ്ങളും ടീമുകളെ നയിക്കുന്നുണ്ട്. യു പി വാരിയേഴ്‌സിന്റെ ക്യാപ്റ്റൻ അലിസ ഹീലിയാണ്. ഡൽഹി ക്യാപിറ്റൽസിനെ മെഗ് ലാനിംഗും ഗുജറാത്ത് ജയന്റ്‌സിനെ ബേത് മൂണിയും നയിക്കും. ഡൽഹിയുടെ മിന്നു മണിയാണ് ലീഗിലെ ഏക കേരളതാരം.















