തിരുവനന്തപുരം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സ് ഇന്ന് മുംബൈ ഹീറോസിനെ നേരിടും. ആദ്യ രണ്ട് കളികളും തോറ്റ സ്ട്രൈക്കേഴ്സിന് ഈ മത്സരം നിർണ്ണായകമാണ്. ആദ്യ മത്സരത്തിൽ ചെന്നൈ റൈനോസിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തിൽ പഞ്ചാബ് ദേ ഷേറിനോട് വിജയിച്ച ആത്മവിശ്വാസത്തിലാണ് മുംബൈ ഹീറോസ്.
ഹോം ഗ്രൌണ്ടിൽ കളിക്കുന്നത് ഇരട്ടി ഉത്തരവാദിത്തമാണ്. വിജയിക്കുക എന്നതും പോയിന്റ് ടേബിളിൽ സ്ഥാനം നേടുക എന്നതും പ്രധാനമാണ്. കളിക്കുമ്പോൾ ആരാധകരുടെ ആവേശം കെടുത്താത്ത തരത്തിൽ ഒരു വിജയം എന്നത് വലിയ ഉത്തരവാദിത്തമാണ്. അതിനുവേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും ആവേശവും നിറച്ചാണ് എത്തിയിരിക്കുന്നത്. ഏറ്റവും മികച്ച മത്സരം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. എല്ലാവരും അതിന് തയ്യാറായിരിക്കുകയാണ് എന്നും കേരള സ്ട്രൈക്കേഴ്സ് നായകൻ കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.
ഇത്തവണത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഫോർമാറ്റിലും വ്യത്യാസമുണ്ട്. പ്ലേയേഴ്സിനെ എ, ബി കാറ്റഗറി എന്ന രീതിയിൽ തിരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരുടെ ലഭ്യത പ്രധാനമാണ്. അതിൽ തന്നെ നോക്കുമ്പോൾ എ കാറ്റഗറിയിൽ ഏഴ് പേർ ഉണ്ട്. അവരിൽ പലരും സിനിമകളുടെ തിരക്കിലും പല സ്ഥലങ്ങളിലുമാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിൽ ചിത്രീകരണത്തിലാണ്. അവരെ മത്സര ദിവസം മാത്രം കൊണ്ടുവന്നിട്ട് കാര്യമില്ല. താരങ്ങൾക്ക് കൃത്യമായ പരിശീലനം കൊടുക്കണം. എന്നാൽ മാത്രമേ മത്സരത്തിലേക്ക് കൊണ്ടുവന്നിട്ട് കാര്യമുള്ളൂ. മികച്ച ടീമിനെയാണ് ഇറക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയത്തിന് ശേഷം നിറഞ്ഞ ആത്മവിശ്വാസത്തിലാണ് കേരള സ്ട്രൈക്കേഴ്സ്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴുമണിക്കാണ് മത്സരം.
Comments