ബെംഗളൂരു: മംഗലാപുരത്തെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധകേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ തുഫൈൽ എൻഐഎയുടെ പിടിയിൽ. ബെംഗളൂരു ദസരഹള്ളിയിൽ നിന്നാണ് പ്രതിയെ എൻഐഎ പിടികൂടിയത്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പ്രവീൺ നെട്ടാരുവിന്റെ വധകേസ് അന്വേഷണം കഴിഞ്ഞ വർഷം എൻഐഎയ്ക്ക് കൈമാറിയിരുന്നു. സംഭവത്തിൽ 20 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120ബി (ഗൂഡാലോചന കുറ്റം), 153 എ(ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 302 (കൊലപാതക കുറ്റം) കൂടാതെ 1967ലെ യുഎപിഎ നിയമത്തിലെ 16,18,20 തുടങ്ങിയ വകുപ്പുകളും ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ വർഷം ജൂലൈ 26 ന് സൈക്കിളിലെത്തിയ അക്രമികൾ പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ കൊലയ്ക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ട് ഭീകരരാണെന്ന് കണ്ടെത്തുകയായിരുന്നു.
Comments