ആലപ്പുഴ: കള്ളനോട്ട് കേസിൽ എടത്വയിലെ വനിതാ കൃഷി ഓഫീസർ അറസ്റ്റിൽ. എം.ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് കിട്ടിയ 7 കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കള്ളനോട്ടുകൾ എവിടെനിന്നാണ് ലഭിച്ചതെന്നോ ഇതിന്റെ ഉറവിടത്തെക്കുറിച്ചോ ഇതിന് പിന്നിൽ ആരൊക്കെയാണ് ഉള്ളതെന്നോ ഇവർ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
കള്ളനോട്ട് സംബന്ധിച്ച് ചോദ്യം ചെയ്യൽ തുടരുകയാണെന്ന് ആലപ്പുഴ സൗത്ത് പോലീസ് അറിയിച്ചു. ജിഷമോളുമായി പരിചയമുള്ള, മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്. എന്നാൽ, ഇയാൾക്ക് ഇവ കള്ളനോട്ടാണെന്ന് അറിയില്ലായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ആലപ്പുഴ കളരിക്കൽ ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുകയാണ് ജിഷമോൾ. നേരത്തെ ജോലി ചെയ്ത ഓഫീസിൽ ക്രമക്കേട് നടത്തിയതായും വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ ശ്രമിച്ചതായും ജിഷയ്‌ക്കെതിരെ ആരോപണമുണ്ട്.















