തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിപാടിൽ എത്തിയില്ലെങ്കിൽ കുടുംബശ്രീക്കാർക്ക് പിഴ ഈടാക്കുമെന്ന് പഞ്ചായത്ത് അംഗത്തിന്റെ ഭീഷണി. പഴകുറ്റി പാലം ഉദ്ഘാടനം ചെയ്യുന്നതിനാണ് റിയാസ് എത്തുന്നത്. പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങളിൽ നിന്നും നൂറ് രൂപ പിഴ ഈടാക്കുമെന്നാണ് അറിയിപ്പ്.
കുടുംബശ്രീ അംഗങ്ങളെ ആനാട് പഞ്ചായത്ത് സിപിഐ വാർഡ് മെമ്പർ എ.എസ്.ഷീജ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തു വന്നിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടാണ് പഴകുറ്റി പാലം ഉദ്ഘാടനം ചെയ്യാൻ മുഹമ്മദ് റിയാസ് എത്തുന്നത്. ചടങ്ങിൽ എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്ന് നിർദേശിച്ചു കൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം പങ്കുവച്ചത്. മന്ത്രി ജി.ആർ അനിലിന്റെ മണ്ഡലത്തിലാണ് പരിപാടി നടക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജാഥയിൽ പങ്കെടുക്കുന്നതിന് തൊഴിലുറപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തി എന്നുള്ള വാർത്ത ദിവസങ്ങൾക്ക് മുമ്പാണ് പുറത്തു വന്നത്. കണ്ണൂർ തളിപറമ്പിൽ നടന്ന ജാഥയിൽ പങ്കെടുക്കാനായിരുന്നു നിർദ്ദേശം. കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം സി. സുചിത്രയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഭീഷണി സന്ദേശമയച്ചത്. ജാഥയ്ക്ക് എത്താത്തവർക്ക് ജോലി നൽകണമോ എന്ന് ചിന്തിക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി. പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ കുടുംബശ്രീക്കാരെയും തൊഴിലുറപ്പ് ജീവനക്കാരെയും നിരന്തരം സിപിഎം ഭീഷണിപ്പെടുത്താറുണ്ട്.
Comments