മലയാള സിനിമയിൽ തന്റേതായ ഇടം സ്വന്തമാക്കിയ ആളാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന്റെ പ്രിയ ‘മസിലളിയന്റെ’ വർക്ക് ഔട്ടുകൾ വൈറലാകാറുള്ളത് പതിവാണ്. വിക്രമാദിത്യൻ സിനിമയിൽ ഗുൽഖർ സൽമാൻ വിളിച്ച മസിലളിയൻ പ്രയോഗത്തിൽ തന്നെയാണ് താരം ഇന്നും അറിയപ്പെടുന്നത്.
ഷൂട്ടിങ്ങിനിടെ പകർത്തിയ തന്റെ വലതു കൈപ്പത്തിയുടെ ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൈയിലെ തഴമ്പിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ താരം പങ്കുവച്ചത്. ഒപ്പം ‘ഗന്ധർവ്വ ജൂനിയർ’ എന്നും കുറിച്ചിട്ടുണ്ട്. ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ അധ്വാനം എത്രത്തോളമുണ്ടെന്ന് വീഡിയോ വ്യക്തമാക്കുന്നുണ്ട്.’മാളികപ്പുറ’ത്തിനു ശേഷം ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഗന്ധർവ്വ ജൂനിയർ’. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.
അടുത്തിടെ ഇറങ്ങിയ മാളികപ്പുറം ഏറെ പ്രേക്ഷകശ്രദ്ധയാണ് നേടിയത്. അയ്യപ്പ ഭക്തയായ കല്ലു എന്ന ബാലിക തന്റെ സൂപ്പർഹീറോ ആയ അയ്യപ്പനെ കാണാൻ ശബരിമലയിൽ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന് പുറമെ, തമിഴ്നാട്, കർണാടകം, ആന്ധ്ര എന്നിവിടങ്ങളിൽ വളരെയേറെ അയ്യപ്പ ഭക്തന്മാരുണ്ട്. അതിനാൽ അന്യഭാഷകളിലും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് മാളികപ്പുറത്തിന്റെ സംവിധായകൻ. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിയറ്ററുകളിലെ നിലയ്ക്കാത്ത പ്രേക്ഷക പ്രവാഹത്തിന് പിന്നാലെ മാളികപ്പുറം ഡിജിറ്റൽ പ്ലാറ്റ്ഫോമിലും റിലീസ് ചെയ്തിരുന്നു.
Comments