കോട്ടയം: തിരുനക്കര ഉത്സവത്തിന് ഇന്ന് കൊടിയേറും. തന്ത്രി കണ്ഠര് മോഹനനരുടെ മുഖ്യകാർമികത്വത്തിൽ വൈകുന്നേരം ഏഴിനാണ് കൊടിയേറ്റ്. 24-നാണ് ആറാട്ട്.
തിരുനക്കര പൂരം ഏഴാം ഉത്സവ ദിവസമായ 21-ന് വൈകുന്നേരം നാലിന് നടക്കും. 22 ആനകൾ ഇരുചേരികളിലായി അണിനിരക്കുന്ന പൂരത്തിന് പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തിൽ 111 വാദ്യകലാകാരന്മാരുടെ സംഘം പഞ്ചാരി ഒരുക്കും. എട്ടാം ദിവസമായ 22-ന് വൈകുന്നേരം ആറ് മുതൽ ദേശവിളക്കും, രാത്രി 10 മുതൽ വലിയ വിളക്ക് എഴുന്നള്ളിപ്പും വലിയ കാണിക്കയും നടക്കും.
കോട്ടയം ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ശിവക്ഷേത്രമാണ് തിരുനക്കര മഹാദേവ ക്ഷേത്രം. തിരുനക്കര തേവർക്കൊപ്പം ശാസ്താവ്, നാഗങ്ങൾ, ഗണപതി, ദേവി, മുരുകൻ, ബ്രഹ്‌മരക്ഷസ്, വടക്കുംനാഥൻ എന്നിവരും കുടിക്കൊള്ളുന്നു. തുലാം, മീനം, മിഥുനം മാസങ്ങളിലായി മൂന്ന ഉത്സവങ്ങളാണ് ക്ഷേത്രത്തിൽ നടത്തപ്പെടുന്നത്.
Comments