ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര നാളെ മുതൽ ആരംഭിക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നാളെ ഉച്ചയ്‌ക്ക് 1.30 മുതൽ ആദ്യ മത്സരം ആരംഭിക്കുന്നത്. മാർച്ച് 19-ന് വിശാഖപട്ടണത്തും 22-ന് ചെന്നൈയിലുമായിരിക്കും പരമ്പരയിലെ മറ്റ് മത്സരങ്ങൾ നടക്കുക.
അതേസമയം വ്യക്തിപരമായ കാര്യങ്ങളാൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യ മത്സരത്തിൽ കളിക്കില്ല. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് നാളെ ടീമിനെ നയിക്കുന്നത്. ശുഭ്മൻ ഗില്ലും ഇഷാൻ കിഷനും ചേർന്നാവും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുക. ശ്രേയാസ് അയ്യർ പരിക്കേറ്റ് പുറത്തായതിനാൽ സൂര്യകുമാർ യാദവ് നാലാം നമ്പറിലും കെഎൽ രാഹുൽ അഞ്ചാം നമ്പറിലും കളിക്കും.
കൂടാതെ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം ശാർദുൽ ഠാക്കൂർ, ഉമ്രാൻ മാലിക്, ജയദേവ് ഉനദ്കട്ട് എന്നിവരിൽ ഒരാളാവും മൂന്നാം പേസർ. ബാറ്റിംഗ് കൂടി പരിഗണിച്ച് ഠാക്കൂറിനാണ് സാധ്യത കൂടുതൽ. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം യുസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവരിൽ ഒരാൾക്കും അവസരം ലഭിക്കും.
ഓസ്‌ട്രേലിയൻ ടീമിൽ പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് നയിക്കുക. ഷോൺ ആബട്ട്, മിച്ചൽ സ്റ്റാർക്ക് എന്നിവർ സ്‌പെഷ്യലിസ്റ്റ് പേസർമാരാകും, കാമറൂൺ ഗ്രീനൊപ്പം മിച്ചൽ മാർഷോ മാർക്കസ് സ്റ്റോയിനിസോ ഓൾറൗണ്ടറായി കളിക്കും. ആദം സാമ്പയാവും സ്‌പെഷ്യലിസ്റ്റ് ടീമിലെ സ്പിന്നർ.















