ന്യൂഡൽഹി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹരിത ട്രൈബ്യൂണൽ. വേണ്ടി വന്നാൽ 500 കോടി രൂപ പിഴ ചുമത്തുമെന്നും ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണെന്നും ഹരിത ട്രൈബ്യൂണൽ വിമർശിച്ചു.
മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്ത വാർത്തകളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് എ.കെ ഗോയൽ അദ്ധ്യക്ഷനായ ബെഞ്ച് വിമർശനം അറിയിച്ചത്. തീപിടിത്തത്തിന്റെ ഏക ഉത്തരവാദി ഭരണചുമതലയുള്ള സർക്കാരാണെന്ന് ജസ്റ്റിസ് എ.കെ ഗോയൽ ചൂണ്ടിക്കാട്ടി. കൂടാതെ, തീ അണയ്‌ക്കുന്നതിലുണ്ടായ കാലതാമസത്തിനും ഈ കാലയളവിൽ കൊച്ചിയിലെ ജനങ്ങൾ നേരിട്ട ആരോഗ്യ ഭീഷണിക്കും സംസ്ഥാന സർക്കാർ തന്നെയാണ് ഉത്തരവാദി. ഇതിൽ വിശദമായ പരിശോധന നടത്തി സർക്കാരിനെതിരെ നടപടിയെടുക്കുമെന്നും ബെഞ്ച് വിലയിരുത്തി.
ഹരിത ട്രൈബ്യൂണൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ സർക്കാർ മറുപടി നൽകിയിരുന്നു. തീ പൂർണമായി അണച്ചുവെന്നും തീപിടിത്തം സംഭവിച്ചപ്പോൾ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നുമായിരുന്നു ട്രൈബ്യൂണലിനെ സർക്കാർ അറിയിച്ചത്.















