തെന്നിന്ത്യൻ താരം സോണിയ അഗർവാൾ, മെറീന മൈക്കിൾ, ജിനു ഇ തോമസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘കർട്ടൻ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. രണ്ട് ഷെഡ്യൂളുകളിലായി 28 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്. തൃശൂർ ജില്ലയിലെ പൂമല, കുട്ടിക്കാനം, വാഗമൺ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.
മകൾക്ക് വേണ്ടി ഒരമ്മ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ‘കർട്ടൻ’ ഒരു ഇമോഷണൽ ഹൊറർ ത്രില്ലറാണ്. സന്ദീപ് ശങ്കർ ആണ് ഛായാഗ്രഹണം. മുരളി അപ്പാടത്തും, സണ്ണി മാധവനും ചേർന്ന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ദുർഗ വിശ്വനാഥ് ആണ്. അമൻ റാഫി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘കർട്ടൻ’.
സിനോജ് വർഗീസ്, അമൻ റാഫി, വി. കെ. ബൈജു, സുനിൽ സുഗത, നോബി മാർക്കോസ്, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ, സൂര്യലാൽ ശിവജി തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. പാവക്കുട്ടി ക്രിയേഷൻസിന്റെ ബാനറിൽ അമൻ റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത് ഷിജ ജിനു ആണ്.















