ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്ത് വിവാഹിതയായി. ആദിത്യനാണ് വരൻ. അങ്കമാലിയിലെ അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. മുംബൈയിൽ ജൂഹു ബീച്ചിന് സമീപമുള്ള ഹോട്ടലിൽ വിവാഹ റിസപ്ഷനും നടക്കും. ആശ ശരത്ത് കുടുംബം എന്ന യുട്യൂബ് ചാനലിലൂടെ വിവാഹം ലൈവ് സ്ട്രീമിംഗ് ചെയ്തിരുന്നു.
ചുവന്ന പട്ടുസാരിയിൽ വില കൂടിയ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങൾ ധരിച്ചാണ് ഉത്തര വിവാഹ പന്തലിലേക്ക് എത്തിയത്. പ്രത്യേകം ഡിസൈൻ ചെയ്ത സാരിയും ആഭരണങ്ങളുമാണ് ആശാ ശരത്ത് മകൾക്കായി തയ്യാറാക്കിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന മെഹന്ദി ചടങ്ങിന്റെയും സംഗീത് നൈറ്റിന്റെയും വീഡിയോ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ വർഷം ഓക്ടോബർ 23-നായിരുന്നു ഉത്തരയുടെയും ആദിത്യന്റെയും വിവാഹ നിശ്ചയം നടന്നത്. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ സിനിമലോകത്തെ നിരവധി പേരാണ് പങ്കെടുത്തത്. സുരേഷ് ഗോപി, മമ്മൂട്ടി, ദിലീപ്, മനോജ് കെ ജയൻ, വിനീത്. ജയരാജ്. രഞ്ജി പണിക്കർ, മേജർ രവി തുടങ്ങിയവർ പങ്കെടുത്തിരുന്നു.
മെക്കാനിക്കൽ എഞ്ചിനീയറായ ഉത്തര അമ്മയ്‌ക്കൊപ്പം നൃത്തവേദികളിൽ സജീവ സന്നിധ്യമാണ്. മോഡലിംഗ് രംഗത്തും ശ്രദ്ധ നേടിയിട്ടുള്ള ഉത്തര 2021 ലെ മിസ് കേരള മത്സരത്തിൽ റണ്ണർ അപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രത്തിലൂടെയായിരുന്നു നടി എന്ന നിലയിൽ ഉത്തര ശരത്തിന്റെ അരങ്ങേറ്റം. ആശ ശരത്തും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Comments