മലയാളികളുടെ പ്രിയതാരമാണ് നടന വിസ്മയം മോഹൻലാൽ. യുവ സംവിധായകർക്കൊപ്പം ഒരു ചിത്രം മോഹൻലാൽ ചെയ്യുന്നില്ല എന്ന നിരാശ ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും ഉണ്ടായിരുന്നു. ആരാധകരുടെ ആഗ്രഹം സഫലമാക്കി നിലവിൽ യുവ സംവിധായകരിലെ ജനപ്രിയനും വ്യത്യസ്ഥത കൊണ്ട് സിനിമയിൽ മാന്ത്രികത തീർക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിലാണ് മോഹൻലാൽ. സിനിമാ മോഹികളടക്കം കാത്തിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ പുതിയ വാർത്തകൾക്ക് വലിയ പ്രാധാന്യമാണ് ആരാധകർ നൽകുന്നത്. രാജസ്ഥാനില്‍ ചിത്രീകരണം പുരോഗമിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ പുതിയ വിശേഷങ്ങളാണ് പുറത്ത് വരുന്നത്.
ഇപ്പോഴിതാ ബംഗാളി യുവനടി കഥാ നന്ദി ഇന്‍സ്റ്റഗ്രാമിലൂടെ മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അവര്‍. മോഹന്‍ലാല്‍ സാറിനൊപ്പം. സ്വപ്നം യാഥാര്‍ഥ്യമായ നിമിഷം എന്നാണ് ചിത്രത്തിനൊപ്പം കഥ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഇതോടെ ബംഗാളി യുവനടി കഥയും ചിത്രത്തിന്റെ ഭാഗമാകുന്നെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചില താരങ്ങൾ തങ്ങള്‍ ഈ ചിത്രത്തിന്റെ ഭാഗമാവുന്ന കാര്യം സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചിരുന്നു.
സിനിമയെക്കുറിച്ച് ഔദ്യോഗികമായി വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് പുറത്തെത്തിയിട്ടുള്ളത്. ഒരു പുരാവൃത്തത്തെ ആസ്പദമാക്കിയുള്ള ബിഗ് ബജറ്റ് ചിത്രത്തിൽ ഒരു ഗുസ്തിക്കാരനായാണ് മോഹൻലാൽ എത്തുക. കാസ്റ്റിംഗിനെക്കുറിച്ചും നിര്‍മ്മാതാക്കളില്‍ നിന്ന് അറിയിപ്പുകളൊന്നും എത്തിയിട്ടില്ല. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന് ആചാരി, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Comments