കാബൂൾ: അഫ്ഗാനിസ്ഥാനിൽ തീവ്ര ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിലെ ഹിന്ദുകുഷ് മേഖലയിലാണ് ഉണ്ടായത്. വടക്കേന്ത്യയിലെ ചില ഭാഗങ്ങളിൽ അനുഭവപ്പെട്ടത് അഫ്ഗാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനമാണെന്നാണ് വിവരം. അതേസമയം ഭൂചലനത്തിൽ ആളപായം സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.
ഡൽഹി, ഛണ്ഡിഗഡ്, കശ്മീർ തുടങ്ങിയ മേഖലകളിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വീട്ടിലെ ഗൃഹോപകരണങ്ങളും മറ്റും ചലിക്കുന്ന ദൃശ്യങ്ങളും ആളുകൾ ട്വിറ്ററിൽ പങ്കുവച്ചു. അൽപം പരിഭ്രാന്തി സൃഷ്ടിക്കപ്പെട്ട സംഭവങ്ങളുണ്ടായതിന് പിന്നാലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനാണെന്ന വാർത്ത പുറത്തുവരുന്നത്. പാകിസ്താനിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. അഫ്ഗാനിലെ ജും എന്ന പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി യുഎസ് ജിയോളജിക്കൽ സർവേ അറിയിക്കുന്നത്.
Comments