മുംബൈ : ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് രണ്ട് പേർ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ ജോൺ ജോർജ് ഡിസൂസ, ദത്താത്രായ് ആനന്ദ് ബപർഡേകർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് അറസ്റ്റ്
ദുബായിൽ ജോലി ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് ഇരുവരും നാട്ടിലേക്ക് മടങ്ങുന്നത്.
ഇത് ആഘോഷമാക്കുന്നതിന് ഇരുവരും വിമാനത്തിനുള്ളിലിരുന്ന് മദ്യപിക്കുകയായിരുന്നു. ജീവനക്കാർ പലതവണ വിലക്കിയെങ്കിലും ഇവർ ഇത് കൂട്ടാക്കിയില്ല. വിമാനത്തിനുള്ളിലൂടെ വെറുതെ ഇറങ്ങി നടക്കുകയും ബഹളം വയ്ക്കുകയുമായിരുന്നു.
സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെടുമ്പോഴെല്ലാം കൂടുതൽ ബഹളം വയ്ക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. യാത്രക്കാരിൽ ചിലരോട് വാക്കേറ്റത്തിലേർപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സംഭവം കൂടുതൽ വഷളാകാതിരിക്കാൻ ജീവനക്കാർ ഇവരുടെ കയ്യിൽ നിന്നും മദ്യക്കുപ്പികൾ വാങ്ങി വയ്ക്കുകയായിരുന്നു. വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ പോലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.
Comments