റാഞ്ചി: സ്വകാര്യ ജോയ്റൈഡ് ഗ്ലൈഡർ വീടിന് മുകളിലേക്ക് വീണ് രണ്ട് പേർക്ക് ഗുരുതര പരിക്ക്. പൈലറ്റിനും യാത്രക്കാരനുമാണ് പരിക്കേറ്റത്. ധൻബാദിലെ സദാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിർസ മുണ്ട പാർക്കിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ രണ്ട് പേരെയും ഉടൻ സമീപത്തുള്ള അസർഫി ആശുപത്രിയിൽ എത്തിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
ബർവാദ എയർസ്ട്രിപ്പിൽ നിന്നും പറന്നുയർന്ന ജോയ്റൈഡ് ഗ്ലൈഡർ ഏതാനും മിനിറ്റുകൾക്കുള്ളിൽ നിലത്ത് വീഴുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 4.50-ഓടെയായിരുന്നു സംഭവം. കുഷ് സിംഗ് എന്ന 14-കാരനാണ് പൈലറ്റിനോടൊപ്പമുണ്ടായിരുന്നത്. സ്വകാര്യ ഏജൻസി നടത്തുന്ന ജോയ്റൈഡിൽ യാത്രചെയ്യാൻ എത്തിയതായിരുന്നു 14-കാരൻ. ഇത്തരം റൈഡുകളിൽ പൈലറ്റ് കൂടാതെ മറ്റൊരാൾക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയൂവെന്ന പ്രത്യേകതയുണ്ട്.
VIDEO: #Jharkhand में धनबाद एयरपोर्ट से उड़ान भरते ही क्रैश हुआ ग्लाइडर, घर पर आकर गिरा; 2 लोग घायल pic.twitter.com/vJ7QUHtXYO
— NDTV India (@ndtvindia) March 23, 2023
ജോയ്റൈഡിൽ കയറിയത് മുതൽ കുഷ് സിംഗ് തന്റെ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്താൻ ആരംഭിച്ചിരുന്നു. അപകടം സംഭവിക്കുന്ന സമയത്തും ക്യാമറ ഓൺ ആയിരുന്നതിനാൽ വീടിന് മുകളിലേക്ക് ഗ്ലൈഡർ പതിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്. ഗ്ലൈഡർ വന്ന് പതിച്ച വീട്ടിലെ അംഗങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Comments