ഹോങ്കോങ്: സാഹസിക വിനോദ ഇനമായ ബംഗീ ജംപിനിടയിൽ കയർപൊട്ടി അപകടം. മരണത്തെ മുഖാമുഖം കണ്ട 39കാരനായ മൈക്ക് ഗുരുതര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. ഹോംങ്കോങ്ങിലെ ചാംഗ്തായ് താപ്രായ സഫാരി ആന്‍ഡ് അഡ്വഞ്ചര്‍ പാര്‍ക്കില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്.
പത്ത് നില കെട്ടിടത്തിന്റെ ഉയരമുള്ള പ്ലാറ്റ് ഫോമിൽ നിന്നുമാണ് ബംഗീ ജംപിംഗ് നടത്തിയത്. വലിയൊരു സ്വിമ്മിംഗ് പൂളിന് മുകളിലായിരുന്നു ഇതിന് വേണ്ടിയുള്ള സ്ഥലം സജ്ജമാക്കിയിരുന്നത്. പ്ലാറ്റ്ഫോമില്‍ നിന്ന് താഴേയ്ക്ക് കാലുകള്‍ കയറില്‍ ബന്ധിപ്പിച്ച് ചാടുന്നതിനിടയിൽ കയര്‍ പൊട്ടുകയായിരുന്നു. ഇടതുതോള്‍ വെള്ളത്തിലിടിച്ചാണ് മൈക്ക് പൂളിലേക്ക് പതിച്ചത്.
ചാംഗ്തായ് താപ്രായ സഫാരി ആന്‍ഡ് അഡ്വഞ്ചര്‍ പാര്‍ക്കിലെ ഫയറിംഗ് റേഞ്ചില്‍ പരിശീലനം നടത്താനായിരുന്നു മൈക്ക് എത്തിയത്. എന്നാൽ ധൈര്യം പരീക്ഷിക്കാനുള്ള സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്തതോടെ എല്ലാം വിനയായി മാറുകയായിരുന്നു. കയർ പൊട്ടി വെള്ളത്തിലേക്ക് പതിച്ചെങ്കിലും കാലുകൾ കൂട്ടിക്കെട്ടിയതിനാൽ നീന്താനും കഴിയാത്ത അവസ്ഥയിലായിരുന്നു.
ചികിത്സയുടെ പണവും ബംഗീ ജംപിനായി ചെലവാക്കിയ തുകയും പാര്‍ക്ക് അധികൃതർ നൽകിയതായി മൈക്ക് പറഞ്ഞു. കൂടാതെ ബംഗീ ജംപിന്റെ കയറും മോശമായ സ്ഥിതിയിലായിരുന്നുവെന്ന് മൈക്ക് കൂട്ടിച്ചർത്തു.
Comments