കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ഇന്നസെന്റ് ഗുരുതരാവസ്ഥയിൽ തുടരുന്നു. അത്യാഹിത വിഭാഗത്തിൽ എക്മോ (എക്സ്ട്രകോർപോറിയൽ മെംബ്രേൻ ഓക്സിജനേഷൻ) സപ്പോർട്ടിലാണ് ചികിത്സ തുടരുന്നത്. ഇന്നസെന്റിന്റെ ആരോഗ്യനില സംബന്ധിച്ച് ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ രണ്ട് മെഡിക്കൽ ബുള്ളറ്റിനുകൾ ആശുപത്രി പുറത്തു വിട്ടു.
രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞിതിനാൽ കൃത്രിമ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്ന് രണ്ടാമത്തെ ബുള്ളറ്റിനിൽ പറയുന്നു. കഴിഞ്ഞ ദിവസത്തെ അതേ ആരോഗ്യ സഥിതിയിൽ തന്നെയാണ് നടൻ ഇപ്പോഴും. മാർച്ച് മൂന്നിനായിരുന്നു ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇടക്ക് ഇന്നസെന്റിന്റെ ആരോഗ്യ സ്ഥിതിയിൽ നേരിയ മാറ്റം ഉണ്ടായിരുന്നു. വീണ്ടും സ്ഥിതി മോശമാവുകയായിരുന്നു.
കഴിഞ്ഞ ദിവസം മുതൽ അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച വ്യാജ പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇതിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച പ്രചരണങ്ങൾ തെറ്റാണെന്നും അദ്ദേഹത്തിന്റെ നില മാറ്റമില്ലാതെ തുടരുകയാണെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
Comments