നടൻ ഇന്നസെന്റിന് വിടനൽകുകയാണ് സിനിമാലോകം. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ ചെയ്ത കഥാപാത്രങ്ങൾ മാത്രം ബാക്കിയാക്കി അദ്ദേഹം കാലയവനിയിലേക്ക് മറഞ്ഞപ്പോൾ മലയാളത്തിന് നഷ്ടമായത് മഹാ പ്രതിഭയെയാണ്.
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വിയോഗ സമയത്തും സിനിമതാരങ്ങളടക്കം നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിക്കുകയാണ് കലാകേരളം.
ഇപ്പോഴിതാ ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. “നർമ്മത്തിന്റെ തമ്പുരാന് ആദരാഞ്ജലികൾ.. എന്റെ ഇന്നച്ചന് വിട“ എന്നാണ് അദ്ദേഹം കുറച്ചിരിക്കുന്നത്.
നടൻ വിനീത് ശ്രീനിവാസനും വേദനിക്കുന്ന ഓർമ്മകൾ പങ്കുവെച്ചിട്ടുണ്ട്… “എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓർമ്മകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്..“ – വിനീത് ശ്രീനിവാസൻ അനുസ്മരിച്ചു.
മന്ത്രി പി രാജീവ് ആണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ മരണവാർത്ത സ്ഥിരീകരിച്ചത്. വിയോഗ സമയത്തും സിനിമതാരങ്ങടക്കം നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. നടൻ ദിലീപ്, മമ്മുട്ടി, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബൻ, മധുപാൽ തുടങ്ങിയവർ ആശുപത്രിയിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മാദ്ധ്യമങ്ങളുടെ ക്യാമറകൾക്ക് മുന്നിൽ ഒരു വാക്ക് പോലും പറയാനാവാതെ വിങ്ങിപ്പൊട്ടിയാണ് ജയറാം അവിടെനിന്ന് മടങ്ങിയത്.
Comments