റോക്കറ്റ് വേഗത്തിലാണ് കറന്റ് ബില്ല് കൂടുന്നത്. വൈദ്യുതി ഉപയോഗത്തെ പിടിച്ച് നിർത്താമെന്ന് വിചാരിച്ചാൽ നടക്കുന്ന കാര്യവുമല്ല. ഇങ്ങനെ പോയാൽ ജീവിതം ഏറെ ദുസഹമാകുമെന്ന അവസ്ഥയിലാണ് ജനങ്ങൾ. വെള്ളത്തിൽ നിന്ന് വൈദ്യുതി നിർമ്മിക്കുന്നതാണല്ലോ പതിവ്. എന്നാൽ ഇനി വായുവിൽ നിന്നും വൈദ്യുതി നിർമ്മിക്കാൻ കഴിയുമെന്ന സുപ്രധാന കണ്ടെലുമായെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ.
പ്രത്യേക തരം ബാക്ടീരിയ പുറത്തുവിടുന്ന എൻസൈമായ ‘ഹക്ക്’ വായുവിൽ നിന്ന് വൈദ്യുതി നിർമിക്കാൻ സഹായിക്കുന്നത്. ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള മൊനാഷ് സർവകലാശാലയിലെ ഗവേഷകരാണ് ഈ പുത്തൻ കണ്ടെത്തലിന് പിന്നിൽ. ഈ ബാക്ടീരിയകൾക്ക് മണ്ണിവും, കടലിലും, മഞ്ഞിലും ജീവിക്കാൻ കഴിയും. അതുകൊണ്ട് തന്നെ ഭൂമിയിലെവിടെ നിന്നും വായുവിൽ നിന്നും ഇവയ്‌ക്ക് വൈദ്യുതി ഉത്പാദിപ്പിക്കുവാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
അന്തരീക്ഷത്തിലെ ഹൈഡ്രജനെ വലിച്ചെടുക്കാൻ ഹക്ക് എൻസൈമുകൾക്ക് കഴിയും. വൈദ്യുതി നിർമ്മിക്കുന്നതിനാൽ തന്നെ പ്രകൃതി നിർമിത ബാറ്ററികളായാണ് ഇവ ഫലത്തിൽ പ്രവർത്തിക്കുക. ഇത് വൈദ്യുതി നിർമ്മാണത്തിന്റെ പുതിയ സാധ്യതകളാണ് മുന്നോട്ടുവെയ്‌ക്കുന്നത്. ബാക്ടീരിയകൾ അന്തരീക്ഷത്തിലെ ഹൈഡ്രജനെ ഊർജശ്രോതസായി ഉപയോഗിക്കുന്നുവെന്നുള്ളത് നേരത്തെ കണ്ടെത്തിയിരുന്നു.എന്നാൽ ഇവ ഇതെങ്ങനെയാണ് ചെയ്യുന്നത് എന്നതിനെ സംബന്ധിച്ച് ഇതുവരെ അറിവില്ലായിരുന്നു. അന്തരീക്ഷത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഹൈഡ്രജൻ ഉള്ളതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.റൈസ് ഗ്രിന്റർ പറഞ്ഞു. ഇത് വൈദ്യുതി നിർമ്മാണത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.
എന്നാൽ നിയന്ത്രിത സാഹചര്യങ്ങളിൽ ദീർഘകാലത്തേക്ക് ബാക്ടീരിയയിൽ നിന്നും വേർത്തിരിച്ചെടുക്കുന്ന ഹക്ക് എൻസൈമുകളെ സൂക്ഷിക്കാൻ സാധിക്കും. ഹക്ക് എൻസൈമുകൾക്ക് തണുപ്പിച്ചോ 80 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂടിലോ അതിജീവിക്കാൻ സാധിക്കും. അതായത്, ഭൂമിയിലെ എല്ലാ പ്രദേശത്തും എൻസൈമുകൾക്ക് അതിജീവനം സാധ്യമാണെന്ന് ചുരുക്കം. ഭാവിയിൽ ചെറിയ ഇലക്ട്രിക് ഉപകരണങ്ങളെ ചാർജ് ചെയ്യാൻ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ.
Comments