മലയാളത്തിന്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയും സംവിധായകൻ ജയരാജും 27 വർഷത്തിന് ശേഷം പുതിയ സിനിമയ്‌ക്കായി ഒന്നിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്. ഇപ്പോഴിതാ താടിയും മീശയും വടിച്ച് തെയ്യം കലാകാരന്റെ ലുക്കിലുള്ള തന്റെ ചിത്രങ്ങൾ സുരേഷ് ഗോപി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഇരുവരും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പേരിട്ടിട്ടില്ല. 1997-ൽ പുറത്തിറങ്ങിയ കളിയാട്ടം ആണ് ഇരുവരും ഒരുമിച്ച അവസാന ചിത്രം. ജയരാജുമായി സഹകരിക്കുന്നതിൽ ആവേശഭരിതനാണ് താനെന്നും കളിയാട്ടം സിനിമയുടെ ഓർമ്മകളാണ് ഞങ്ങളിലും പ്രേക്ഷകരിലും നിറഞ്ഞുനിൽക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. സിനിമയുടെ കഥ എന്താണെന്ന് അറിയാൻ എല്ലാവരും ആകാംക്ഷയിലാണെന്നും കളിയാട്ടം എന്ന സിനിമയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും സംവിധായകൻ ജയരാജ് പറഞ്ഞു.
ഷേക്സ്പിയറുടെ ഒഥല്ലോ എന്ന വിശ്വപ്രസിദ്ധ നാടകത്തെ അടിസ്ഥാനമാക്കിയായിരുന്നു കളിയാട്ടം ഒരുക്കിയത്. കണ്ണൻ പെരുമലയൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി തകർത്താടുകയായിരുന്നു ചിത്രത്തിൽ. ലാൽ, മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ആ വർഷത്തെ മികച്ച സംവിധായകനും നടനുമുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി കൈതപ്രമാണ് ഗാനങ്ങൾ ഒരുക്കിയത്. ബൽറാം മട്ടന്നൂരായിരുന്നു തിരക്കഥ.















