മുംബൈ: ഐപിഎൽ മത്സരങ്ങൾക്ക് മുന്നോടിയായി എല്ലാ ടീമുകളുടെയും ക്യാപ്റ്റൻമാർ ട്രോഫിക്കൊപ്പം പോസ്സ് ചെയ്തപ്പോൾ മുംബൈ നായകൻ രോഹിത് ശർമ്മയെ കാണാനില്ല. ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ആരാധകരുടെ കമന്റുകളും നിറഞ്ഞു. രോഹിത് ആണ് ഫോട്ടോ എടുത്തത് എന്നുവരെ അഭിപ്രായങ്ങൾ ഉയർന്നു. രോഹിത്തിന്റെ അസാന്നിധ്യത്തെക്കുറിച്ച് മുംബൈ ഇന്ത്യൻസോ ഐപിഎൽ അധികൃതരോ വിശദീകരണം നൽകിയതുമില്ല.
അതേ സമയം, അസുഖ ബാധിതനായതിനാലാണ് രോഹിത് ഫോട്ടോ ഷൂട്ടിൽ പങ്കെടുക്കാതിരുന്നത് എന്നാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അസുഖം കാരണം യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ രോഹിത് അഹമ്മദബാദിൽ എത്തിയിരുന്നില്ല. എന്നാൽ ഏപ്രിൽ രണ്ടിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മുംബൈയുടെ ആദ്യ മത്സരത്തിൽ രോഹിത് കളിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യൻസ് നടത്തിയ വാർത്താസമ്മേളനത്തിൽ രോഹിത് പങ്കെടുത്തിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് വിവിധ ടീമുകളുടെ ക്യാപ്റ്റൻമാർ അണിനിരന്ന ഫോട്ടോഷൂട്ട് നടന്നത്. ഭുവനേശ്വർ കുമാർ, ഡേവിഡ് വാർണർ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, എം എസ് ധോണി, കെ എൽ രാഹുൽ, ശിഖർ ധവാൻ, നിതീഷ് റാണ, ഫാഫ് ഡുപ്ലസിസ് എന്നിവർ ഫോട്ടോ ഷൂട്ടിൽ അണിനിരന്നിരുന്നു. ദക്ഷിണാഫ്രിക്കൻ താരം ഏയ്ഡൻ മാർക്രത്തിന്റെ അഭാവത്തിലാണ് ഭുവനേശ്വർ സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകനായി എത്തിയത്.















